Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുടിന്റെ പുതിയ ഭരണം നാളെത്തുടങ്ങും; ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി പ്രതിപക്ഷ നേതാക്കൾ അറസ്റ്റിൽ

മോസ്കോ∙ നാലാംവട്ടം റഷ്യയുടെ അമരത്തെത്തിയ വ്ലാഡിമിർ പുടിൻ സർക്കാരിന്റെ ഉദ്ഘാടനം നാളെ. പുടിനെതിരെ രാജ്യമെങ്ങും വൻപ്രതിഷേധം. പ്രതിപക്ഷ നേതാവ് അലെക്സി നവൽനി ഉൾപ്പെടെ 1600 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുടിൻ ‘ഞങ്ങളുടെ സാർ (ചക്രവർത്തി) അല്ല’ എന്ന മുദ്രാവാക്യമുയർത്തിയാണു മോസ്കോയിലും സെന്റ് പീറ്റേഴ്സ്ബർഗിലും പ്രതിപക്ഷം തെരുവിലിറങ്ങിയത്.

സാർ ചക്രവർത്തിമാരെപ്പോലെ ഏകാധിപതിയാണു പുടിൻ എന്നു പ്രതിപക്ഷം ആക്ഷേപിക്കുമ്പോൾ, അനുകൂലികൾ അദ്ദേഹത്തെ ‘റഷ്യയുടെ പിതാവ്’ എന്നു വാഴ്ത്തുന്നു. 18 വർഷമായി റഷ്യയുടെ ഭരണാധികാരിയാണു പുടിൻ. 2024 വരെ പുടിനു തുടരാം. ആറുവർഷമാണു പ്രസിഡന്റ് ഭരണകാലാവധി.

ക്രെംലിനിലെ ആന്ദ്രേയവ്സ്കി ഹാളിലാണ് സർക്കാരിന്റെ പ്രവർത്തനത്തുടക്കം കുറിക്കുന്ന ഉദ്ഘാടനച്ചടങ്ങ്. വൻപ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ആഡംബരപൂർണമായ ചടങ്ങ് ഒഴിവാക്കിയിട്ടുണ്ട്. 2014 ൽ ക്രിമിയയെ റഷ്യയോടു ചേർത്തതിന്റെ പേരിലുള്ള പാശ്ചാത്യരാജ്യങ്ങളുടെ സാമ്പത്തിക ഉപരോധവും 2016 മുതൽ ആഗോള എണ്ണവിലയിലുണ്ടായ ഇടിവും മൂലം തകർന്ന സമ്പദ്‍വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് പുടിനു മുന്നിലുള്ള വലിയ വെല്ലുവിളി.

അടുപ്പിച്ച് രണ്ടു തവണയിൽ കൂടുതൽ പ്രസിഡന്റാകാൻ കഴിയില്ലെന്നാണു റഷ്യയിലെ വ്യവസ്ഥ. 2000ൽ ആദ്യം പ്രസിഡന്റായ പുടിൻ 2004ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2008ൽ പ്രധാനമന്ത്രിയായി. 2012ൽ വീണ്ടും പ്രസിഡന്റായി. ഇപ്പോൾ ആ സ്ഥാനത്തു വീണ്ടും. അങ്ങനെ നാലു തവണ. ഇതുവരെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചെങ്കിലും ഇടയ്ക്കു പ്രധാനമന്ത്രിയായി ‘ബ്രേക്ക്’എടുത്തതുകൊണ്ട് തുടർച്ചയായി രണ്ടുതവണയിലേറെ പാടില്ല എന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടില്ല.

related stories