Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുടിൻ സത്യപ്രതിജ്ഞ ചെയ്തു; നാലാം വട്ടവും റഷ്യൻ പ്രസിഡന്റ്

Vladimir Putin സത്യപ്രതിജ്ഞാ ചടങ്ങിനായി എത്തുന്ന വ്ലാഡിമിർ പുടിൻ.

മോസ്കോ∙ വ്ലാഡിമിർ പുടിൻ നാലാം വട്ടം റഷ്യൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. 2024 വരെ പുടിനു പ്രസിഡന്റായി തുടരാം. റഷ്യയ്ക്കു വേണ്ടി, റഷ്യയുടെ ഭാവിക്കു വേണ്ടി കഴിയുന്നതെല്ലാം ചെയ്യുക എന്നതു തന്റെ ജീവിതലക്ഷ്യമാണെന്നു ഗ്രാൻഡ് ക്രെംലിൻ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ പുടിൻ പറഞ്ഞു.

1999 മുതൽ റഷ്യയിൽ അധികാരത്തിലുള്ള പുടിൻ മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ 76.7% വോട്ടു നേടിയാണു ഭരണത്തിലെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി കഴിഞ്ഞദിവസങ്ങളിൽ പ്രതിഷേധ റാലി നടത്തിയ പ്രതിപക്ഷ നേതാവ് അലെക്സി നവൽനി അടക്കം നൂറുകണക്കിനു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Dmitry Medvedev ദിമിത്രി മെദ്‍വെദേവ്.

മെദ്‍വെദേവ് പ്രധാനമന്ത്രിയായി തുടരും

റഷ്യൻ പ്രധാനമന്ത്രിയായി ദിമിത്രി മെദ്‍വെദേവ് തുടരും. മെദ്‍വെദേവിനെ പ്രധാനമന്ത്രിയാക്കാൻ പ്രസിഡന്റ് പുടിൻ പാർലമെന്റിനോട് അഭ്യർഥിച്ചു. പുടിന്റെ വലംകൈയായ മെദ്‍വെദേവ് 2008–13ൽ പ്രസിഡന്റായിരുന്നു. പുടിൻ അന്നു പ്രധാനമന്ത്രിയും.

അടുപ്പിച്ചു രണ്ടുതവണയിലേറെ പ്രസിഡന്റായിരിക്കാൻ കഴിയില്ലെന്ന ഭരണഘടനാ വ്യവസ്ഥ മറികടക്കാനാണു പുടിൻ അന്നു പ്രധാനമന്ത്രിയായത്. 2012ൽ പുടിൻ പ്രസിഡന്റായി മടങ്ങിയെത്തിയപ്പോൾ മെദ്‍വെദേവ് പ്രധാനമന്ത്രിയായി.

തൊണ്ണൂറുകളിൽ സെന്റ് പീറ്റേഴ്സ്ബർഗിലെ മേയറുടെ ഓഫിസിൽ സഹപ്രവർത്തകരായിരുന്നു ഇരുവരും.

related stories