Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോക്പിറ്റിന്റെ ജനൽചില്ല് പൊട്ടി പുറത്തേക്കു തെറിച്ച സഹ പൈലറ്റിനെ രക്ഷിച്ചത് സീറ്റ് ബെൽറ്റ്

flight

ഷാങ്ഹായ്∙ മുപ്പത്തിരണ്ടായിരം അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനത്തിന്റെ കോക്പിറ്റിലെ ജനൽചില്ല് പൊട്ടിയതിനെ തുടർന്നു പുറത്തേക്കു തെറിച്ച പൈലറ്റുമാരിലൊരാൾ മുഖാമുഖം കണ്ടതു മരണത്തെ. ഇളകിയടർന്ന ജാലകപ്പാളിയിലൂടെ പുറത്തേക്കു വലിച്ചെടുക്കപ്പെട്ട സഹപൈലറ്റ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ പറന്നുപോകാതെ രക്ഷപ്പെട്ടു.

ക്യാപ്റ്റൻ ലിയു ചുവാൻജിയാൻ മനഃസാന്നിധ്യം കൈവിടാതെ വിമാനം അടിയന്തരമായി ഇറക്കിയതിനാൽ വൻദുരന്തം ഒഴിവായി.

തിങ്കളാഴ്ച മധ്യചൈനയിലെ ചോങ്‌ക്വിങ്ങിൽനിന്നു ടിബറ്റിന്റെ തലസ്ഥാനമായ ലാസയിലേക്കു 119 യാത്രക്കാരുമായി പറക്കുകയായിരുന്ന സിചുവാൻ എയർലൈൻസിന്റെ എയർബസ് വിമാനത്തിലാണു നാടകീയ സംഭവങ്ങൾ. കാതടപ്പിക്കുന്ന ശബ്ദത്തോടെ ജാലകപ്പാളി തെറിച്ചുപോയതും സഹപൈലറ്റിനെ കാറ്റു വലിച്ചെടുത്തതും ഒരുമിച്ചായിരുന്നുവെന്നു ലിയു ഓർക്കുന്നു.

വിമാനം കുലുങ്ങി. കോക്പിറ്റിലുണ്ടായിരുന്ന സാധനങ്ങൾ വായുവിൽ പറന്നു. ഉപകരണങ്ങളും റേഡിയോ സംവിധാനവും തകരാറിലായി. അപായസന്ദേശത്തിനുള്ള സംവിധാനവും പ്രവർത്തിച്ചില്ല. ലിയു ഉടൻ ‌തെക്കുപടിഞ്ഞാറൻ നഗരമായ ചെങ്ദുവിൽ വിമാനം ഇറക്കി.

കഴിഞ്ഞ മാസം 148 യാത്രക്കാരുമായി ന്യൂയോർക്കിൽനിന്നു ഡാലസിലേക്കു പറന്ന സൗത്ത്‍വെസ്റ്റ് എയർലൈൻസിന്റെ ബോയിങ് 737 വിമാനത്തിലും സമാന സംഭവം ഉണ്ടായതാണ്. എൻജിൻ പൊട്ടിത്തെറിച്ചു തകർന്ന ജനാലയിലൂടെ പുറത്തേക്കു തെറിച്ച യാത്രക്കാരി മരിച്ചു. കേടുപറ്റിയ വിമാനം വനിതാ പൈലറ്റ് ടമി ജോ ഷുൾട്സ് ഫില‍ഡൽഫിയ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.