Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം വിട്ടുനിന്നു, ജറുസലമിൽ യുഎസ് എംബസി തുറന്നു

US embassy in Jerusalem inauguration ജറുസലമിൽ യുഎസ് എംബസിയുടെ ഉദ്ഘാടനച്ചടങ്ങിനായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപും ഭർത്താവ് ജറീദ് കുഷ്‌നറും എത്തുന്നു.

ജറുസലം∙ ഗാസ അതിർത്തിയിലെ രക്തരൂഷിത പ്രതിഷേധത്തിനിടെ ജറുസലമിൽ നടന്ന യുഎസ് എംബസിയുടെ ഉദ്ഘാടനച്ചടങ്ങിൽനിന്നു ലോകരാജ്യങ്ങൾ വിട്ടുനിന്നു. എംബസി മാറ്റത്തിൽ യൂറോപ്യൻ യൂണിയൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജറുസലമിലെ യുഎസ് കോൺസുലേറ്റിലാണ് എംബസി പ്രവർത്തനമാരംഭിച്ചത്. ടെൽ അവീവിൽനിന്നുള്ള എംബസി മാറ്റം പൂർണമാകുന്നതോടെ വിശാലമായ മറ്റൊരു സ്ഥലം കണ്ടെത്തി എംബസി കെട്ടിടം നിർമിക്കും.

നേരത്തേ റെക്കോർഡ് ചെയ്ത വിഡിയോ പ്രസംഗത്തിലൂടെയാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചടങ്ങിനെ അഭിസംബോധന ചെയ്തത്. വാഗ്ദാനം പാലിച്ചതിനു ട്രംപിന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നന്ദി പറഞ്ഞു. വൈറ്റ് ഹൗസ് ഉപദേശകരായ മകൾ ഇവാൻക ട്രംപ്, ഭർത്താവ് ജറീദ് കുഷ്‌നർ, യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ സള്ളിവൻ തുടങ്ങിയവർ പങ്കെടുത്തു. ഇവാ‍ൻകയാണ് എംബസി ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങ് നടന്ന കെട്ടിടത്തിനു ചുറ്റും ആയിരത്തോളം സായുധ സൈനികരുടെ കാവലുണ്ടായിരുന്നു. അതേസമയം, ജറുസലമിലേക്ക് എംബസി മാറ്റത്തിനില്ലെന്ന് യുഎസിന്റെ സഖ്യകക്ഷിയായ ബ്രിട്ടൻ വ്യക്തമാക്കി. യുഎസ് നടപടിയോടു വിയോജിക്കുന്നതായും യുകെ പ്രധാനമന്ത്രി തെരേസ മേയുടെ വക്താവ് പ്രസ്താവിച്ചു.

യുഎസ്–ഇസ്രയേൽ സൈനിക സഹായം സ്വീകരിക്കുന്ന ഗ്വാട്ടിമാല അടക്കം ഏതാനും ചെറുരാജ്യങ്ങൾ മാത്രമേ യുഎസ് നടപടി പിൻതുടർന്ന് ജറുസലമിലേക്ക് എംബസി മാറ്റിയിട്ടുള്ളു. യുഎസ് നടപടിക്കെതിരെ രാജ്യാന്തര കോടതിയെ സമീപിക്കുമെന്നു പലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് അൽ മൽകി പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ അറബ് ലീഗ് അടിയന്തരസമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഡിസംബർ ആറിനാണു ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച് ട്രംപ് പ്രഖ്യാപനം നടത്തിയത്.