Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപ് അഭിഭാഷകനു കടം വീട്ടിയതിന്റെ രേഖയും പുറത്ത്

വാഷിങ്ടൻ ∙ അശ്ലീലചിത്ര നടിക്കു കൊടുത്തതുൾപ്പെടെ, മുൻ അഭിഭാഷകൻ മൈക്കൽ കൊയെൻ സ്വന്തം കീശയിൽനിന്നു ചെലവാക്കിയ പണം ട്രംപ് തിരിച്ചുകൊടുത്തതിന്റെ രേഖകൾ പുറത്ത്. സാമ്പത്തിക ഇടപാടുകളെക്കുറിച്ചു ഗവൺമെന്റ് എതിക്സ് ഓഫിസിൽ സമർപ്പിച്ച രേഖകളാണു ചട്ടപ്രകാരം പരസ്യമാക്കിയത്. ഭരണത്തിലുള്ളവർ സാമ്പത്തികരേഖകൾ സമർപ്പിക്കേണ്ട അവസാന ദിവസമായിരുന്നു ഇന്നലെ.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണകാലത്തു ട്രംപിനു വേണ്ടി അഭിഭാഷകൻ ചെലവാക്കിയ തുകയാണു തിരിച്ചുകൊടുത്തത്. ട്രംപുമായുള്ള ബന്ധത്തെക്കുറിച്ചു തുറന്നുപറയാതിരിക്കാനായി സ്റ്റോമി ഡാനിയൽസ് എന്ന അശ്ലീലചിത്ര നടിക്ക് 1.3 ലക്ഷം ഡോളർ കൊയെൻ കൊടുത്തതു സ്വന്തം കീശയിൽനിന്നായിരുന്നെന്നും അതു തിരിച്ചുകൊടുത്തുവെന്നും ഈ മാസം ആദ്യം ട്രംപ് വെളിപ്പെടുത്തിയിരുന്നു. കൊയെനു പണം കൊടുത്തതിനെപ്പറ്റി എഫ്ബിഐ അന്വേഷണം നടന്നുവരികയാണ്. എതിക്സ് ഓഫിസിൽ സമർപ്പിച്ച രേഖകൾ പ്രകാരം ട്രംപിന്റെ ആസ്തി 140 കോടി ഡോളറാണ്. വരുമാനം 45.2 കോടി ഡോളർ.