Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മൃഗങ്ങൾ’ പ്രയോഗത്തെ ന്യായീകരിച്ച് ട്രംപ്

വാഷിങ്ടൻ∙ യുഎസിൽ നിയമവിരുദ്ധമായി കുടിയേറി കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ചിലരെ പരാമർശിച്ചു താൻ ‘മൃഗങ്ങൾ’ എന്ന വാക്ക് ഉപയോഗിച്ചതിനെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്തു ഹീനപ്രവൃത്തിയും ചെയ്യാൻ മടിയില്ലാത്ത എംഎസ്–13 എന്ന ക്രിമിനൽ സംഘത്തെയാണു താൻ മൃഗങ്ങളെന്നു വിളിച്ചതെന്നും ഇനിയും അങ്ങനെതന്നെ അവരെ വിളിക്കുമെന്നും ട്രംപ് പറഞ്ഞു.

എൺപതുകളിൽ യുഎസിൽ രൂപപ്പെട്ട എംഎസ്–13 എന്ന ക്രിമിനൽ സംഘം കാനഡ, മെക്സിക്കോ, മധ്യഅമേരിക്ക എന്നിവിടങ്ങളിൽ വേരുറപ്പിച്ചിട്ടുണ്ട്. അവരിൽ ഭൂരിപക്ഷവും എൽസാൽവഡോറിൽനിന്ന് അനധികൃതമായി യുഎസിൽ കുടിയേറിയവരാണ്. ഇവരെപ്പറ്റി സംസാരിക്കവെ ട്രംപ് ഉപയോഗിച്ച ഭാഷയെ ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ വിമർശിച്ചിരുന്നു. മെക്സിക്കോയിലെ വിദേശകാര്യമന്ത്രാലയം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനു പ്രതിഷേധക്കത്തും നൽകി.

ഈ സാഹചര്യത്തിലാണ് ഇന്നലെ വീണ്ടും ട്രംപ് തന്റെ നിലപാടിനെ ന്യായീകരിച്ചത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സും ട്രംപിന്റെ പദപ്രയോഗം ശരിയാണെന്ന് അഭിപ്രായപ്പെട്ടു.