Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷരീഫിന്റെ വിവാദ അഭിമുഖം: പാക്കിസ്ഥാനിൽ ‘ഡോൺ’ പത്രം വിതരണത്തിന് വിലക്ക്

Nawaz Sharif

വാഷിങ്ടൻ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വിവാദ അഭിമുഖം പ്രസിദ്ധപ്പെടുത്തിയ ഇംഗ്ലിഷ് പത്രം ഡോൺ ബലൂചിസ്ഥാൻ, സിന്ധ് പ്രവിശ്യകളിലും മിലിട്ടറി കന്റോൺമെന്റുകളിലും വിതണം ചെയ്യുന്നതിനു പാക്ക് അധികൃതർ അപ്രഖ്യാപിത നിയന്ത്രണം ഏർപ്പെടുത്തിയിക്കയാണെന്ന് മാധ്യമ നിരീക്ഷണ സംഘടനയായ റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് (ആർഎസ്എഫ്) ആരോപിച്ചു.

പാക്കിസ്ഥാനിൽ മാധ്യമ സ്വാതന്ത്യ്രത്തിനു നേർക്കുള്ള ഏറ്റവുമൊടുവിലത്തെ ആക്രമണമാണിത്. നിയന്ത്രണത്തെ അപലപിക്കുന്നതായും ആർഎസ്എഫ് പറഞ്ഞു. ഇക്കഴിഞ്ഞ 12ന് ആണ് അഭിമുഖം പ്രസിദ്ധപ്പെടുത്തിയത്. 15നു പത്രത്തിനു വിലക്കായി. പാക്ക് പട്ടാളത്തിന്റെ അതൃപ്തിയാണു കാരണം.

രാജ്യത്തു ഭീകരർ സക്രിയരാണെന്നും അവരെ അതിർത്തികടന്നു മുംബൈയിൽ 150 പേരെ കൊലപ്പെടുത്താൻ അനുവദിക്കാമായിരുന്നോ എന്നും ചോദിച്ച നവാസ് ഷരീഫ്, പ്രതികളുടെ വിചാരണ എന്തുകൊണ്ടാണു പൂർത്തിയാക്കാത്തതെന്നു വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ ഏറ്റവും ഉന്നത മിലിട്ടറി സമിതി – നാഷനൽ സെക്യൂരിറ്റി സിവിൽ കമ്മിറ്റി – ഉൾപ്പെടെ ഒട്ടേറെ സംഘടനകളും നേതാക്കളും ഷരീഫിന്റെ പരാമർശത്തെ വിമർശിച്ചു. ലോകരാജ്യങ്ങൾക്കു മുന്നിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതും നാണംകെടുത്തുന്നതുമാണു പരാമർശമെന്നു വിമർശകർ പറഞ്ഞു. ധാർമിക ചട്ടവും കീഴ്​വഴക്കവും ഡോൺ ലംഘിച്ചിരിക്കയാണെന്നു പാക്കിസ്ഥാൻ പ്രസ് കൗൺസിൽ ചൂണ്ടിക്കാട്ടി.

വിവിധ കേന്ദ്രങ്ങളിൽ നിന്ന് എതിർപ്പ് ഉയർന്നതോടെ തന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നു ലണ്ടനിൽ കഴിയുന്ന നവാസ് ഷരീഫ് പ്രതികരിച്ചിരുന്നു.