Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാസ: യുഎൻ അന്വേഷണ സംഘത്തെ അയയ്ക്കും

ജനീവ∙ ഗാസയിൽ ഇസ്രയേൽ നടത്തിയ വെടിവയ്പിൽ നൂറിലേറെ പലസ്തീൻകാർ കൊല്ലപ്പെടുകയും ആയിരങ്ങൾക്കു പരുക്കേൽ‌ക്കുകയും ചെയ്ത സംഭവങ്ങൾ യുദ്ധക്കുറ്റത്തിന്റെ പരിധിയിൽ വരുമോയെന്നു പരിശോധിക്കാൻ ഐക്യരാഷ്ട്രസംഘടന (യുഎൻ) അന്വേഷണ സംഘത്തെ അയയ്ക്കും. ഇതിനുള്ള പ്രമേയം യുഎൻ മനുഷ്യാവകാശ സമിതിയിൽ ഇന്നലെ വോട്ടിനിട്ടപ്പോൾ 47ൽ 29 അംഗങ്ങളും അനുകൂലിച്ചു.

യുഎസും ഓസ്ട്രേലിയയും എതിർത്തു വോട്ടുചെയ്തപ്പോൾ ബ്രിട്ടൻ, ജർമനി, സ്വിറ്റ്സർലൻഡ് തുടങ്ങി 14 അംഗങ്ങൾ വിട്ടുനിന്നു.

ഇതേസമയം, ഇസ്രയേലിന്റെ ആക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിലായിരുന്ന രണ്ടു പലസ്തീൻകാർകൂടി ഇന്നലെ മരിച്ചു. ഇസ്രയേൽ രൂപീകരിക്കുന്നതിനായി ബലംപ്രയോഗിച്ചു പുറത്താക്കിയ പലസ്തീൻകാരെ നാട്ടിലേക്കു മടങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു ഗാസയിൽ മാർച്ച് 30 മുതൽ നാട്ടുകാർ പ്രക്ഷോഭത്തിലാണ്. നിശ്ചിത ഇടവേളയിൽ അതിർത്തി ലംഘിക്കാൻ ശ്രമിക്കുന്ന ഇവരെ ഇസ്രയേൽ സൈന്യം നിർദയം വെടിവച്ചുവീഴ്ത്തുകയാണ്.

ഇതിനിടെ, യുഎസ് എംബസി ജറുസലമിലേക്കു മാറ്റാൻ തീരുമാനിച്ചതു പ്രശ്നം കൂടുതൽ വഷളാക്കി. ഹമാസിന്റെ നുഴ‍ഞ്ഞുകയറ്റം തടയാൻ സൈനിക നടപടി ആവശ്യമായിരുന്നുവെന്നും യുഎൻ പ്രമേയം ഒരുവശം മാത്രമാണു പറയുന്നതെന്നും ഇസ്രയേലിന്റെയും യുഎസിന്റെയും യുഎൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.