Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോംഗോ നഗരത്തിൽ മൂന്നു പേർക്ക് കൂടി എബോള

ebola

കിൻഷാസ∙ കോംഗോ നദീതീരത്തെ ഗതാഗതത്തിരക്കേറിയ എംബൻഡക നഗരത്തിൽ പുതുതായി മൂന്നുപേർക്കു കൂടി എബോള രോഗം. നഗരത്തിൽ രോഗം പടരുന്നത് വൻ ആശങ്ക ഉയർത്തിയിട്ടുണ്ട്. രോഗികളുമായി സമ്പർക്കം പുലർത്തിയ 500 പേരെ കണ്ടെത്താൻ അധികൃതർ ശ്രമം ആരംഭിച്ചിട്ടുണ്ട്.

എബോള വാക്സിൻ കുത്തിവയ്പ് അടുത്തയാഴ്ച ആദ്യം തുടങ്ങും. 4000 ഡോസ് വാക്സിൻ എത്തിച്ചിട്ടുണ്ട്. ഇതു ശീതീകരിച്ചു സൂക്ഷിക്കാൻ സൗകര്യമില്ലാത്തതാണു പ്രശ്നം. ഇതുവരെയുണ്ടായ രോഗബാധകളിൽ അധികവും വിദൂരഗ്രാമങ്ങളിലായിരുന്നതിനാൽ അതു വേഗം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ പത്തുലക്ഷം ജനങ്ങൾ അധിവസിക്കുന്ന എംബൻഡക നഗരത്തിലാണ് ഇപ്പോൾ രോഗബാധ കണ്ടെത്തിയിട്ടുള്ളത്.

ഒരു കോടി ആളുകൾ താമസിക്കുന്ന തലസ്ഥാന നഗരിയായ കിൻഷാസയിൽ മുൻപൊരിക്കൽ രോഗബാധയുണ്ടായെങ്കിലും അന്ന് അതു പെട്ടെന്നു തന്നെ തടയാൻ കഴിഞ്ഞു. ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവ‌സ്ഥ പ്രഖ്യാപിക്കേണ്ടതില്ലെന്നു ലോകാരോഗ്യ സംഘടന തീരുമാനിച്ചു. എന്നാൽ രോഗം വ്യാപിക്കാനുള്ള സാധ്യത സംബന്ധിച്ചു കോംഗോയ്ക്കും, അതീവ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടി ഒൻപത് അയൽരാജ്യങ്ങൾക്കും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

1976നുശേഷം ഇത് ഒൻപതാം തവണയാണ് ഈ രോഗം പൊട്ടിപ്പുറപ്പെടുന്നത്. എംബൻഡകയിൽ ഒരാൾക്കു രോഗമുണ്ടെന്ന് ഈയാഴ്ച ആദ്യം സ്ഥിരീകരിച്ചിരുന്നതാണ്. ഇതുവരെ ആകെ 17 പേർക്കാണു രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു മരണം ഉണ്ടായി. വൈറസ് ബാധയുണ്ടെന്നു കരുതുന്ന 21 രോഗികളുണ്ട്. എബോളയാണോ എന്നു സംശയിക്കുന്ന അഞ്ചു കേസുകളുമുണ്ട്.