Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എബോള: കോംഗോയിൽ 26 മരണം

ebola-virus-graphics

കിൻഷാസ∙ മധ്യആഫ്രിക്കൻ രാജ്യമായ കോംഗോയിൽ എബോള വൈറസ് മൂലം രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 26 ആയി. പുതിയ നാലുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 46 രോഗികളാണു നിരീക്ഷണത്തിലുള്ളത്. 40 ലക്ഷം ഡോളറിലേറെ വരുന്ന അടിയന്തര ചികിൽസാ ഫണ്ടിലേക്കു കൂടുതൽ തുക വകയിരുത്തുമെന്നു കോംഗോ പ്രസിഡന്റ് ജോസഫ് കബില പ്രഖ്യാപിച്ചു.

പത്തുലക്ഷത്തിലേറെ ജനസംഖ്യയുള്ള എംബൻഡക നഗരത്തിലാണ് എബോള പടർന്നിരിക്കുന്നത്. ആദ്യമായാണു കോംഗോയിലെ നഗരമേഖലയി‍ൽ എബോള ബാധ. വിദൂരഗ്രാമങ്ങളിലായിരുന്നു നേരത്തേ രോഗബാധ കണ്ടെത്തിയത്. പരീക്ഷണാർ‌ഥം വികസിപ്പിച്ച എബോള പ്രതിരോധമരുന്ന് കോംഗോയിൽ ഈയാഴ്ച കൊടുത്തുതുടങ്ങും.

നേരത്തേ പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള പടർന്നപ്പോൾ ഈ മരുന്ന് വിജയകരമായിരുന്നു. 4000 ഡോസ് മരുന്ന് കോംഗോയി‍ൽ എത്തിച്ചു. കോംഗോയ്ക്കുള്ളിൽ അതിജാഗ്രതയ്ക്കു ലോകാരോഗ്യസംഘടനയുടെ നിർദേശമുണ്ട്.

പനിയും ഛർദിയും വയറിളക്കവും ശരീരവേദനയും ചിലപ്പോൾ ആന്തരികമോ ബാഹ്യമോ ആയ രക്തസ്രാവവുമാണ് എബോളയുടെ ലക്ഷണങ്ങൾ. രോഗിയുടെ ശരീരശ്രവങ്ങളിലൂടെയാണു രോഗം പടരുന്നത്.