Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാനെതിരെ ശക്തമായ ഉപരോധം: യുഎസ്, എല്ലാം നിങ്ങൾ തീരുമാനിക്കേണ്ടെന്ന് ഇറാൻ

Pompeo-Rouhani മൈക്ക് പോംപെയോ, ഹസൻ റൂഹാനി

വാഷിങ്ടൻ∙ ഇറാനുമായുള്ള ആണവക്കരാറിൽനിന്നു പിന്മാറിയ യുഎസ്, അവർക്കെതിരെ ഏറ്റവും ശക്തമായ ഉപരോധം ഏർപ്പെടുത്തുമെന്നു ഭീഷണി മുഴക്കി. 

ഇറാനുമായി വ്യാപാര, വാണിജ്യ ബന്ധം തുടരുന്ന യൂറോപ്യൻ സ്ഥാപനങ്ങൾക്കും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ മുന്നറിയിപ്പു നൽകി.

എന്നാൽ, യുഎസിന്റെ ഭീഷണിയെ ഇറാൻ തള്ളി. ഇറാനും ലോകത്തിനും വേണ്ടി തീരുമാനങ്ങളെടുക്കാൻ യുഎസിനെ ആരും അധികാരപ്പെടുത്തിയിട്ടില്ലെന്നു പ്രസിഡന്റ് ഹസൻ റൂഹാനി പറഞ്ഞു. അമേരിക്കയുടെ തീരുമാനം ലോകത്തിലെ മറ്റു രാജ്യങ്ങൾ അംഗീകരിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ചാരസംഘടനയായ സിഐഎയിൽ ചുമതല വഹിച്ചിരുന്ന കാലത്തു 2015ലെ ഇറാൻ ആണവക്കരാറിനെതിരെ ശക്തമായി എതിർത്തിരുന്ന പോംപെയോ, സ്റ്റേറ്റ് സെക്രട്ടറിയായശേഷം നടത്തിയ ആദ്യ വിദേശനയ പ്രസംഗത്തിലാണ് ഇറാനെതിരെ ആഞ്ഞടിച്ചത്. 

ഭീകരത കയറ്റിയയയ്ക്കുന്ന ലോകത്തെ ഏറ്റവും അപകടകാരിയായ രാജ്യം ഇറാനാണെന്നു പോംപെയോ അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ സ്ഥിതി മറികടക്കാൻ 12 വ്യവസ്ഥകളും അദ്ദേഹം മുന്നോട്ടുവച്ചു. 

ആണവ പദ്ധതിയും മിസൈൽ വികസന പദ്ധതിയും ഉപേക്ഷിക്കുന്നതിനു പുറമേ, മേഖലയിലെ സംഘർഷങ്ങളിൽനിന്ന് ഇറാൻ വിട്ടുനിൽക്കണം. സിറിയയിലെയും യെമനിലെയും ആഭ്യന്തരയുദ്ധങ്ങളിൽ യുഎസ് വിരുദ്ധ നിലപാട് ഉപേക്ഷിക്കണം – ഹിസ്ബുല്ലയുമായും യെമനിലെ ഹൂതികളുമായുമുള്ള ബന്ധത്തെ പരാമർശിച്ചു പോംപെയോ പറഞ്ഞു.ഇക്കാര്യങ്ങളെല്ലാം 2003ലെ ഇറാഖ് അധിനിവേശത്തിനു മുൻപ് ജോർജ് ബുഷ് സർക്കാർ പറഞ്ഞതിൽനിന്നു ഭിന്നമല്ലെന്ന് ഇറാൻ പ്രതികരിച്ചു.

ഇതേസമയം, പോംപെയോയുടെ ഇറാൻ വിരുദ്ധ നിലപാടിനെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ന്യായീകരിച്ചു. മറ്റു രാജ്യങ്ങളും യുഎസിന്റെ പാത പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ, റഷ്യയും ചൈനയും യുഎസ് നിലപാടിനെ വിമർശിച്ചു. ഇറാനുമായി വ്യാപാരബന്ധം തുടരുമെന്നു വ്യക്തമാക്കുകയും ചെയ്തു.