Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇസ്രയേലിനെതിരെ പലസ്തീൻ രാജ്യാന്തര കോടതിയിൽ

ഹേഗ്∙ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ചു പൂർണ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു പലസ്തീൻ ഹേഗ് ആസ്ഥാനമായ രാജ്യാന്തര ക്രിമിനൽ കോടതിയെ (ഐസിസി) സമീപിച്ചു. വെസ്റ്റ്ബാങ്ക്, കിഴക്കൻ ജറുസലം എന്നിവിടങ്ങളിലെ ഇസ്രയേൽ കുടിയേറ്റത്തെക്കുറിച്ചും പലസ്തീൻ പ്രദേശത്തു നടത്തുന്ന മനുഷ്യവാകാശ ലംഘനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നാണ് ആവശ്യം.

ഐസിസി ചീഫ് പ്രോസിക്യൂട്ടർ ഫത്തേ ബെൻസൗദയുമായുള്ള കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച രേഖകൾ പലസ്തീൻ വിദേശകാര്യമന്ത്രി റിയാദ് മൽകി സമർപ്പിച്ചു. 2014ൽ പലസ്തീൻ ഐസിസി അംഗത്വം നേടിയതിനെതുടർന്ന് അവിടത്തെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു രാജ്യാന്തര കോടതി പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്. പൂർണ അന്വേഷണം വേണമെന്ന പലസ്തീന്റെ ആവശ്യത്തെക്കുറിച്ച് ഐസിസി വൈകാതെ തീരുമാനമെടുക്കേണ്ടിവരും.

പലസ്തീന്റെ നടപടി പരിഹാസ്യമാണെന്നും അംഗമല്ലാത്തതിനാൽ രാജ്യാന്തര കോടതിക്കു നടപടിയെടുക്കാൻ കഴിയില്ലെന്നും ഇസ്രയേൽ പ്രതികരിച്ചു. ഐസിസി അംഗരാജ്യങ്ങളിലെ പൗരന്മാർക്കെതിരെയോ പ്രദേശത്തിനെതിരെയോ ഗുരുതര കുറ്റകൃത്യങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാമെന്നാണു രാജ്യാന്തര കോടതി നിയമം.

ഇതുപ്രകാരം അംഗമല്ലെങ്കിലും ഇസ്രയേൽ പൗരന്മാർക്കെതിരെ നടപടിയെടുക്കാൻ രാജ്യാന്തര കോടതിക്കു കഴിയും. എന്നാൽ സ്വന്തമായി പൊലീസോ സേനയോ ഇല്ലാത്ത ഐസിസിക്കു നടപടി പ്രഖ്യാപിക്കാനേ കഴിയൂ. അറസ്റ്റ് ചെയ്യണമെങ്കിൽ ബന്ധപ്പെട്ട രാജ്യത്തിന്റെ സഹകരണം വേണം.

വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലമിലെയും ഇസ്രയേൽ കുടിയേറ്റം അനധികൃതമാണെന്നു 2004ൽ രാജ്യാന്തര കോടതിയും 2016ൽ യുഎൻ സുരക്ഷാ കൗൺസലും പ്രഖ്യാപിച്ചിരുന്നു. ഇതിനാൽ പലസ്തീന്റെ ആവശ്യം നിരാകരിക്കാൻ രാജ്യാന്തര കോടതിക്ക് എളുപ്പമാകില്ല.