Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാമം, ക്രോധം, വിവാദ ജീവിതം; ഫിലിപ് റോത്ത് കഥാവശേഷൻ

Philip Roth

ന്യൂയോർക്ക്∙ എല്ലാ വർഷവും സാഹിത്യ നൊബേല്‍ പ്രഖ്യാപനത്തിനു മുൻപ്, ലോകമെങ്ങും തിരതല്ലുന്ന അമേരിക്കൻ പ്രതീക്ഷകള്‍ അവസാനിച്ചു. ഹൃദയം പൊള്ളിക്കുന്ന തുറന്നെഴുത്തുകൾ ബാക്കിവച്ച്, അമേരിക്കൻ സാഹിത്യത്തിന്റെ കുലപതി ഫിലിപ് റോത്ത് (85) യാത്രയായി. ലൈംഗികതയെയും നശ്വരതയെയും പറ്റി എഴുതാവുന്നതെല്ലാം എഴുതി, ജീവിതസായന്തനത്തിൽ ‌വായനയിലും സംഗീതത്തിലും മുങ്ങിനിവർന്ന എഴുത്തുകാരൻ പരിഭവമൊന്നുമില്ലാതെ വിടവാങ്ങി.

ന്യൂ ജഴ്സിയിലെ നെവാർക്കിലുള്ള വീക്വാഹിക് മേഖലയിൽ ജൂതകുടുംബത്തിലായിരുന്നു റോത്ത് ജനിച്ചത്. ഈ പ്രദേശം റോത്തിന്റെ പല നോവലുകളിലും പശ്ചാത്തലമാകുന്നുണ്ട്. യൂറോപ്പിൽനിന്നുള്ള ആദ്യകാല ജൂതകുടിയേറ്റക്കാരിൽപ്പെട്ടതായിരുന്നു മാതാപിതാക്കൾ. ഷിക്കാഗോ സർവകലാശാലയിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമെടുത്ത ശേഷമാണ് എഴുത്തിലേക്കു തിരിഞ്ഞത്. ആദ്യകാല രചനകളിലേറെയും ചെറുകഥകൾ. 1959ൽ ഗുഡ്ബൈ കൊളംബസ് എന്ന പേരിൽ ആദ്യ കഥാസമാഹാരം. ‘സ്വയം വെറുക്കുന്ന ജൂതനെ’ന്ന കുപ്രസിദ്ധി ആ പുസ്തകം മുതൽ എഴുത്തുകാരന്റെ ഒപ്പം കൂടി. ജൂത ബുക്ക് കൗൺസിൽ പുരസ്കാരം നേടിയെന്നതും ശ്രദ്ധേയം.

അമേരിക്കയിൽ ഒരു ജൂതനായി ജീവിക്കുന്നതിന്റെ എല്ലാ അനുഭവതലങ്ങളും ജീവിതത്തിൽനിന്നു പകർത്തിയെഴുതിയ റോത്തിന്റെ ‘പോർട്നോയ്സ് കംപ്ലെയ്ന്റ്’ എന്ന നാലാം നോവലാണു വിവാദക്കൊടുങ്കാറ്റു വീശിയത്. 1969ൽ പുറത്തിറങ്ങിയ നോവലിൽ കാമഭ്രാന്തനും അമ്മപ്പുത്രനും അവിവാഹിതനുമായ ഒരു ജൂതയുവാവിന്റെ അസാധാരണ ജീവിതമായിരുന്നു. ഏതാനും അമേരിക്കൻ സംസ്ഥാനങ്ങളിലും ഓസ്ട്രേലിയയിലും വിലക്കേർപ്പെടുത്താൻ ശ്രമം നടന്നിട്ടും നോവൽ ബെസ്റ്റ്സെല്ലറായി. ബ്രിട്ടിഷ് നടി ക്ലെയ്ർ ബ്ലൂമുമായുള്ള പരാജയപ്പെട്ട വിവാഹം വാർത്തകൾ സൃഷ്ടിച്ചതാണ്.

സാബത്‌സ് തിയറ്റര്‍, പുലിറ്റ്സര്‍ പുരസ്കാരം നേടിയ ‘അമേരിക്കന്‍ പാസ്റ്ററൽ’ തുടങ്ങിയ നോവലുകൾ റോത്തിനെ അനശ്വരനാക്കി. 2011ൽ നാഷനൽ ഹ്യുമാനിറ്റീസ് മെഡൽ ലഭിച്ചു. സാഹിത്യമെഴുത്തു നിർത്തിയതായി 2009ൽ പ്രഖ്യാപിച്ച റോത്ത് 2014 മുതൽ പൊതുപരിപാടികളും ഉപേക്ഷിച്ച് കണക്ടിക്കട്ടിലെ ഗ്രാമീണാന്തരീക്ഷത്തിലേക്കു താമസം മാറ്റി സ്വന്തം നോവലുകൾ വീണ്ടും വായിക്കുകയായിരുന്നു, സംതൃപ്തിയോടെ. 

നോവലിലെ ആത്മകഥകൾ

ഫിലിപ് റോത്ത് എഴുതിയതിലെല്ലാം ഫിലിപ് റോത്ത് ഉണ്ടായിരുന്നു. ദ് ഗോസ്റ്റ് റൈറ്ററി(1979)ൽ തുടങ്ങിയ നഥാൻ സക്കർമാൻ എന്ന കഥാപാത്രം റോത്തിന്റെ പ്രതിബിംബം തന്നെ. ദ് ബ്രെസ്റ്റ് എന്ന നോവലിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ഡേവിഡ് കെപെഷിലും എഴുത്തുകാരന്റെ ആത്മകഥാംശമുണ്ട്. ദ് പ്ലോട്ട് എഗെൻസ്റ്റ് അമേരിക്ക(2004)യിലുള്ളതു പോലെ ഫിലിപ് റോത്ത് എന്ന പേരിൽത്തന്നെ കഥാപാത്രങ്ങളുണ്ട്. 

ഫെമിനിസ്റ്റ് വിമർശനം

റോത്തിന്റെ രചനകൾ പലതും സ്ത്രീവിരുദ്ധമാണെന്ന വിമർശനം ഫെമിനിസ്റ്റ് നിരൂപകർ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, റോത്തിനെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ഏറ്റവും ശ്രദ്ധേയ പുസ്തകം ഒരു വനിതയുടേതാണെന്നതു കൗതുകകരം– ക്ലോഡിയ റോത്ത് പിയെർപോണ്ടിന്റെ റോത്ത് അൺബൗണ്ട്– എ റൈറ്റർ ആൻഡ് ഹിസ് ബുക്സ്.