Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിം വാക്കു പാലിച്ചു; ട്രംപ് കാലുമാറി

Donald Trump - Kim Jong-Un

പ്യോങ്യാങ്, വാഷിങ്ടന്‍∙ ഉത്തരകൊറിയയുമായി അടുത്തമാസം 12ന് സിംഗപ്പൂരില്‍ നടത്താനിരുന്ന ഉച്ചകോടിയില്‍നിന്ന് യുഎസ് പിന്‍മാറി. ഉച്ചകോടിക്കു മുന്നോടിയായി രാജ്യത്തെ ആണവപരീക്ഷണ കേന്ദ്രം പൂര്‍ണമായി തകര്‍ത്ത് ഉത്തരകൊറിയ വാക്കുപാലിച്ചു മണിക്കൂറുകള്‍ക്കകമായിരുന്നു യുഎസ് നിലപാടുമാറ്റം. ഉത്തരകൊറിയയുടെ ശത്രുതാനിലപാടും വിദ്വേഷ മനോഭാവവുമാണ് തീരുമാനത്തിനു പിന്നിലെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന് അയച്ച കത്തില്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. കത്തിന്റെ പകര്‍പ്പ് വൈറ്റ്‌ഹൗസ് പുറത്തുവിട്ടു. 

കഴിഞ്ഞ സെപ്റ്റംബറിലേത് ഉൾപ്പെടെ ആറു പരീക്ഷണങ്ങൾ നടത്തിയ പങ്ഗ്യേറി ആണവപരീക്ഷണ കേന്ദ്രമാണ് ഉത്തരകൊറിയ സ്ഫോടനത്തിലൂടെ തകർത്തത്. വടക്കുകിഴക്കൻ മേഖലയിൽ മണ്ടപ് പർവതം തുരന്ന് മൂന്നു തുരങ്കങ്ങള്‍ തീര്‍ത്താണു പരീക്ഷണകേന്ദ്രം സ്ഥാപിച്ചിരുന്നത്. ഒൻപതു മണിക്കൂറോളം നീണ്ട സ്ഫോടനങ്ങൾക്കൊടുവിലാണ് ആണവകേന്ദ്രം നിശ്ശേഷം തകർത്തത്. റേഡിയോ ആക്ടീവ് വികിരണങ്ങൾ പുറത്തുവന്നിട്ടില്ലെന്ന് ഉറപ്പാക്കിയതായും ഉത്തരകൊറിയ അറിയിച്ചു. സ്ഫോടനത്തിനു പിന്നാലെ തുരങ്കത്തിലേക്കുള്ള പ്രവേശനകവാടങ്ങളും അടച്ചു. സമീപമുള്ള കെട്ടിടങ്ങളും പൊളിച്ചുനീക്കി. തിരഞ്ഞെടുത്ത വിദേശമാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു സ്ഫോടനങ്ങള്‍. എന്നാല്‍, രാജ്യാന്തര ആണവായുധ നിരീക്ഷകരെ ക്ഷണിച്ചിരുന്നില്ല. 

ആണവ നിരായുധീകരണ വിഷയത്തിലെ ഉത്തരകൊറിയൻ നിലപാടിലെ അതൃപ്തിമൂലം ഉച്ചകോടി മാറ്റിവയ്ക്കുമെന്നു നേരത്തേ സൂചനയുണ്ടായിരുന്നു. ദക്ഷിണ കൊറിയ – യുഎസ് സംയുക്ത സൈനിക അഭ്യാസത്തിൽ ഉത്തരകൊറിയ അതൃപ്തി അറിയിച്ചതാണ് നിലപാടുമാറ്റത്തിനുള്ള മുഖ്യ പ്രകോപനമെന്നാണു സൂചന. ലോകത്തിനും ഉത്തരകൊറിയയ്ക്കും വലിയ അവസരമാണു നഷ്ടമായതെന്നും കൂടിക്കാഴ്ചയ്ക്ക് ഇനിയും അവസരമുണ്ടെന്നും ട്രംപിന്റെ കത്തില്‍ പറയുന്നു. 

അതേസമയം, യുഎസുമായി ഒത്തുതീർപ്പു ചര്‍ച്ചകൾക്കു തയാറായില്ലെങ്കിൽ ഉത്തരകൊറിയയ്ക്ക് ലിബിയയുടെ വിധിയായിരിക്കുമെന്ന യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ പ്രസ്താവനയെ ഉത്തരകൊറിയൻ വിദേശകാര്യ ഉപമന്ത്രി ചോ സോൻ ഹു അപലപിച്ചു.