Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷ വേണോ, ആദ്യം ആ സ്വകാര്യ ചിത്രങ്ങൾ തരൂ എന്ന് ഫെയ്സ്ബുക്

facebook

ന്യൂയോർക്ക്∙ കാമുകീകാമുകന്മാർ വേർപിരിഞ്ഞതിനുശേഷം, പ്രതികാരനടപടിയായി സ്വകാര്യചിത്രങ്ങൾ ഷെയർ ചെയ്യുന്ന ‘റിവഞ്ച് പോൺ’ പ്രവണതയ്ക്കു തടയിടാനുള്ള ഫെയ്സ്ബുക് പദ്ധതി കൂടുതൽ രാജ്യങ്ങളിലേക്ക്. ഓസ്ട്രേലിയയിൽ കഴിഞ്ഞവർഷം തുടങ്ങിയ പദ്ധതി ബ്രിട്ടൻ, അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്കാണു വ്യാപിപ്പിക്കുന്നത്.

തന്റെ സ്വകാര്യചിത്രം ഫെയ്സ്ബുക്കിൽ പരക്കുമെന്ന് ഒരാൾക്കു പേടി തോന്നിയാൽ, ആ ചിത്രം ഫെയ്സ്ബുക്കിലെ സെർവറിലേക്ക് അപ്‌ലോഡ് ചെയ്യുകയാണു പദ്ധതിയുടെ ആദ്യപടി. കമ്പനി നിയോഗിച്ച പ്രത്യേകസംഘം ചിത്രം പരിശോധിച്ചതിനു ശേഷം ഹാഷെന്നു പറയുന്ന തിരിച്ചറിയൽരേഖ ചിത്രത്തിനു നൽകും.

ഹാഷ് നിലവിൽവന്നാൽ അക്കാര്യം ഇ–മെയിലിലൂടെ അറിയിച്ചശേഷം ഏഴു ദിവസങ്ങൾക്കുള്ളിൽ ചിത്രം സെർവറിൽ നിന്നു ഫെയ്സ്ബുക് നീക്കും, എന്നാൽ ഹാഷ് നിലനിൽക്കും. പിന്നീടൊരിക്കൽ ഈ ചിത്രം ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് മെസഞ്ചർ എന്നിവയിൽ ആരെങ്കിലും ഷെയർ ചെയ്താൽ ഉടനടി തടയിടാനും സ്വകാര്യത സംരക്ഷിക്കാനും ഹാഷ് സംവിധാനം വഴിയൊരുക്കും. രാജ്യാന്തരതലത്തിലെ പ്രമുഖ സൈബർ സുരക്ഷാ ഏജൻസികളുമായി ചേർന്നാണു ഫെയ്സ്ബുക് പദ്ധതി നടപ്പാക്കുന്നത്.

എന്നാൽ കടുത്ത പ്രതിഷേധവും ഇതിനെതിരെ ഉയരുന്നുണ്ട്. കേംബ്രിജ് അനലിറ്റിക്ക പോലുള്ള സംഭവങ്ങളിലൂടെ, ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ സൂക്ഷിക്കാൻ പറ്റില്ലെന്നു തെളിയിച്ച ഫെയ്സ്ബുക്കിന് എന്തു വിശ്വസിച്ചു സ്വകാര്യചിത്രങ്ങൾ നൽകും എന്നാണു ചോദ്യം.