Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആണും പെണ്ണും ആറിഞ്ച് അകന്നു നിൽക്കണം: പാക്ക് സർവകലാശാല

ഇസ്‌ലാമാബാദ്∙ വിദ്യാർഥികളും വിദ്യാർഥിനികളും ക്യാംപസിൽ ആറിഞ്ച് അകലം പാലിക്കണമെന്ന് പാക്കിസ്ഥാനിലെ സർവകലാശാല. സമൂഹ മാധ്യമങ്ങളിൽ ഇതിനെതിരെ കടുത്ത വിമർശനമുയർന്നു.

ഇസ്‌ലാമാബാദ്, കറാച്ചി, ലഹോർ എന്നിവിടങ്ങളിൽ ക്യാംപസുകളുള്ള ബഹ്റിയ സർവകലാശാലയാണു വിദ്യാർഥികൾക്ക് കഴിഞ്ഞയാഴ്ച ഈ നിർദേശം നൽകിയത്. ആൺകുട്ടികളും പെൺകുട്ടികളും ഇരിക്കുകയോ നിൽക്കുകയോ ചെയ്യുമ്പോൾ ആറിഞ്ച് അകലം പാലിക്കുന്നുണ്ടെന്ന് എല്ലാ വകുപ്പു മേധാവികളും ഉറപ്പാക്കണമെന്നും നോട്ടിസിൽ പറയുന്നു.

ഈ ഉത്തരവും ഇത്തരത്തിൽ മറ്റു സർവകലാശാലകളിൽ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളും പിൻവലിക്കണമെന്ന് ഓൾ പാക്കിസ്ഥാൻ യൂണിവേഴ്സിറ്റീസ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് ഡോ. കലീമുല്ല ബറേച്ച് ആവശ്യപ്പെട്ടു. എന്നാൽ ആറിഞ്ച് അകലം എന്നത് എതു വ്യക്തിക്കും ആവശ്യമായ സ്വകാര്യ ഇടമാണെന്നും അച്ചടക്കം നിലനിർത്താനായാണ് ഈ നിർദേശമെന്നും വാഴ്സിറ്റി വക്താവ് മെഹ്‌വിഷ് കംറാൻ വ്യക്തമാക്കി.

പെൺകുട്ടികൾക്ക് ഇറുകിയതും ഇറക്കം കുറഞ്ഞതുമായ വസ്ത്രങ്ങളും മേക്കപ്പും ഹൈഹീൽഡ് ചെരുപ്പും മറ്റും ഇസ്‌ലാമാബാദിലെ ഇന്റർനാഷനൽ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി കഴിഞ്ഞ വർഷം വിലക്കിയിരുന്നു.