Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെനസ്വേലയും യുഎസും നയതന്ത്ര ഉദ്യോഗസ്ഥരെ പരസ്പരം പുറത്താക്കി

nicolas-maduro നിക്കോളാസ് മഡുറോ.

വാഷിങ്ടൻ/ കരാക്കസ്∙ വെനസ്വേലയും യുഎസും രണ്ടു നയതന്ത്ര ഉദ്യോഗസ്ഥരെ വീതം പരസ്പരം പുറത്താക്കി. കരാക്കസിലുള്ള യുഎസ് എംബസിയിലെ മുതിർന്ന രണ്ട് ഉദ്യോഗസ്ഥരോടു 48 മണിക്കൂറിനകം രാജ്യംവിടാൻ വെനസ്വേല ഉത്തരവിട്ടതിനു പിന്നാലെയാണു വാഷിങ്ടനിലെ വെനസ്വേല എംബസിയിലെയും ഹൂസ്റ്റനിലെ കോൺസുലേറ്റിലെയും മുതിർന്ന രണ്ട് ഉദ്യോഗസ്ഥരോടു 48 മണിക്കൂറിനകം രാജ്യംവിടാൻ യുഎസ് ഉത്തരവിട്ടത്.

ഇരു രാജ്യങ്ങളും 2010നുശേഷം പരസ്പരം അംബാസഡർമാരെ നിയമിച്ചിട്ടില്ല. ഇടതുപക്ഷക്കാരനായ ഹ്യൂഗോ ഷാവേസ് 1999ൽ അധികാരമേറ്റശേഷം വെനസ്വേലയും യുഎസും തമ്മിലുള്ള ബന്ധം സംഘർഷനിർഭരമായിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന വെനസ്വേലയിൽ ഞായറാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളുണ്ടായതായി രാജ്യാന്തര വിമർശനമുയർന്നിരുന്നു. തിരഞ്ഞെടുപ്പു വെറും തട്ടിപ്പാണെന്നാരോപിച്ച് യുഎസ് കടുത്ത ഉപരോധം ഏർപ്പെടുത്തിയതാണു വെനസ്വേലയെ പ്രകോപിപ്പിച്ചത്. പ്രതിപക്ഷകക്ഷികൾ അപ്പാടേ ബഹിഷ്കരിച്ച തിരഞ്ഞെടുപ്പിൽ ഷാവേസിന്റെ ശിഷ്യൻ നിക്കോളാസ് മഡുറോ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

വിജയപ്രഖ്യാപനത്തിനുശേഷം നടത്തിയ ടിവി പ്രസംഗത്തിലാണു മഡുറോ യുഎസ് ഉദ്യോഗസ്ഥരെ പുറത്താക്കുന്നതായി പ്രഖ്യാപിച്ചത്.