Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭച്ഛിദ്രം: അയർലൻഡ് ഇന്നു വിധിയെഴുതും; ജനവിധി അനുകൂലമായാൽ ഭരണഘടനാഭേദഗതി

IRELAND-ABORTION/

ഡബ്ലിൻ∙ ഗർഭച്ഛിദ്രം വേണോ വേണ്ടയോ? ഈ ചോദ്യത്തിന് ഇന്ന് അയർലൻഡ് ജനത ഉത്തരമെഴുതും. ഗർഭച്ഛിദ്രത്തിന് അനുകൂലമാണു ഹിതപരിശോധനാഫലമെങ്കിൽ ഭരണഘടനാഭേദഗതി വേണ്ടിവരും.

ഗർഭച്ഛിദ്രം ഭരണഘടനാപരമായി നിരോധിച്ചിട്ടുള്ള അയർലൻഡിൽ 2013 ൽ മാത്രമാണ് അമ്മയുടെ ജീവൻ അപകടത്തിലാണെങ്കിൽ മാത്രം ഗർഭച്ഛിദ്രമാകാം എന്ന ഭേദഗതി വന്നത്. പല ദശകങ്ങൾക്കിടയിൽ ഈ വിഷയത്തിൽ മൂന്നുവട്ടം ഐറിഷ് ജനത വോട്ട് ചെയ്തുകഴിഞ്ഞു. അമ്മയുടെ ജീവിക്കാനുള്ള അവകാശത്തിനായി വലിയൊരു വിഭാഗം രംഗത്തുള്ളപ്പോൾ തന്നെ ഗർഭസ്ഥശിശുവിനും ഇതേ അവകാശമുണ്ടെന്ന വാദവുമായി മറുപക്ഷവും ബലാബലത്തിനുണ്ട്.

റോമൻ കത്തോലിക്കാ വിശ്വാസപാതയിലുള്ള രാജ്യം 2015ൽ ഹിതപരിശോധനയിലൂടെ സ്വവർഗവിവാഹം നിയമവിധേയമാക്കിയിരുന്നു. സമൂഹമാധ്യമങ്ങളുടെ ഇടപെടൽ വോട്ടെടുപ്പിനെ സ്വാധീനിക്കാതിരിക്കാൻ ഹിതപരിശോധനാ പ്രചാരണങ്ങൾ ഫെയ്സ്ബുക്കും ഗൂഗിളും കർശനമായി തടഞ്ഞിട്ടുണ്ട്.

മുൻപ് അയർലൻഡുകാർ ഗർഭച്ഛിദ്രത്തിനായി ബ്രിട്ടനിലേക്കാണു പോയിരുന്നത്. എന്നാൽ ഇന്റർനെറ്റ് വഴിയുള്ള ഗർഭച്ഛിദ്രമരുന്നുകൾ വ്യാപകമായതോടെ ആ സ്ഥിതിക്കു മാറ്റം വന്നു. ഇന്ത്യൻ വംശജനും ഡോക്ടറുമായ അയർലൻഡ് പ്രധാനമന്ത്രി ലീയോ വരാഡ്‌കർ ഗർഭച്ഛിദ്രാനുകൂലികൾക്കൊപ്പമാണ്.

ഹിതപരിശോധന സവിതയുടെ സ്മരണയിൽ

ഹിതപരിശോധനയിൽ ഗർഭച്ഛിദ്രാനുകൂലികളുടെ മുഖ്യപ്രചാരണായുധം ഡോ. സവിതയുടെ മരണം. ഗർഭച്ഛിദ്രം നിഷേധിക്കപ്പെട്ടതു‌മൂലം ആരോഗ്യസ്ഥിതി വഷളായാണു 2012ൽ അയർലൻഡിലെ ഗാൽവേയിൽ കർണാടകയിലെ ബെളഗാവി സ്വദേശി ഡോ. സവിത ഹാലപ്പനാവർ മരിച്ചത്.

സവിത മരിച്ചതിനു പിന്നാലെ അയർലൻഡിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. ഇതെത്തുടർന്നാണ് അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യമുണ്ടായാൽ ഗർഭച്‌ഛിദ്രം അനുവദിക്കുന്ന നിയമം 2013ൽ പ്രാബല്യത്തിൽ വന്നത്. ഗർഭച്ഛിദ്രം വിലക്കുന്ന നിയമത്തിനെതിരെ വോട്ട് ചെയ്യാൻ സവിതയുടെ പിതാവ് അന്ദനപ്പ യാലഗി അയർലൻഡിലെ വോട്ടർമാരോട് അഭ്യർഥിച്ചിട്ടുണ്ട്.

സവിതയുടെ മരണത്തെ കുറിച്ച് ഔദ്യോഗിക അന്വേഷണം നടത്തിയ സംഘത്തിന്റെ തലവനായ പ്രഫ. സർ സഭാരത്നം അരുൾകുമാരനും ഇതേ അഭ്യർഥന നടത്തിയിട്ടുണ്ട്. സവിതയുടെ ചിത്രമടങ്ങിയ പോസ്റ്ററുകൾ അയർലൻഡിലെങ്ങും കാണാം.

അയർലൻഡിന്റെ മനഃസാക്ഷിയെ സ്പർശിച്ച സവിതയുടെ മരണം

2012 ഒക്ടോബർ 28: പതിനേഴ് ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ കഴിയാതെ വന്നതു മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നു ഡോ.സരിത ഹാലപ്പനാവർ അയർലൻഡിൽ മരണമടഞ്ഞു.

2012 നവബർ 18: അയർലൻഡിനെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഗർഭഛിദ്രത്തിനെതിരെയുള്ള നിയമം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് അയർലൻഡിൽ ആയിരങ്ങൾ പങ്കെടുത്ത മാർച്ച്.

2013 ജൂൺ: യഥാസമയം ഗർഭച്‌ഛിദ്രം നടത്താതിരുന്നതുമൂലമുണ്ടായ അണുബാധയാണു സവിതയുടെ മരണകാരണമെന്ന് അന്വേഷണ റിപ്പോർട്ട്

2013 ജൂലൈ 30: അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യമുണ്ടായാൽ ഗർഭഛിദ്രം അനുവദിക്കുന്ന നിയമത്തിൽ അയർലൻഡ് പ്രസിഡന്റ് മൈക്കൽ ഡി.ഹിഗ്ഗിൻസ് ഒപ്പുവച്ചു.

2013 ഓഗസ്റ്റ് 2: അയർലൻഡിൽ ആദ്യമായി നിയമവിധേയമായി ഒരു സ്‌ത്രീക്കു ഗർഭച്‌ഛിദ്രം നടത്തി. അമ്മയുടെ ജീവനു ഭീഷണിയായതിനെ തുടർന്നാണു 18 ആഴ്‌ചയായ ഗർഭം അലസിപ്പിച്ചത്.

2015 ഡിസംബർ 1: അയർലൻഡിലെ കർക്കശ ഗർഭഛിദ്ര നിയമം മനുഷ്യാവകാശ ലംഘനമാണെന്നു സവിത ഹാലപ്പനാവർ മരണമടഞ്ഞതുമായി ബന്ധപ്പെട്ട കേസിൽ ബെൽഫാസ്റ്റ് ഹൈക്കോടതി വിധിച്ചു.