ഉത്തരകൊറിയ ഉച്ചകോടി നടന്നേക്കും: ട്രംപ്

ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും പൻമുൻജോങ്ങിൽ കൂടിക്കാഴ്ചയ്ക്കെത്തിയപ്പോൾ.

വാഷിങ്ടൻ∙ വീണ്ടും ആടിക്കളിച്ച് ഡോണൾഡ് ട്രംപ്. ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള ഉച്ചകോടി റദ്ദാക്കിയെന്നു കഴിഞ്ഞദിവസം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ നിലപാട് അൽപം മയപ്പെടുത്തി. ഉച്ചകോടി നടക്കുമോയെന്നതു സംബന്ധിച്ച് ഉത്തരകൊറിയയുമായി ചർച്ചകൾ നടക്കുകയാണെന്ന് ട്രംപ് ഇന്നലെ പറഞ്ഞു. ‘കഴിയുമെങ്കിൽ മുൻപ് നിശ്ചയിച്ചിരുന്നതു പോലെ ജൂൺ 12ന് സിംഗപ്പൂരിൽതന്നെ നടക്കും. വേണ്ടിവന്നാൽ നീട്ടിവയ്ക്കുന്നതിനും തടസ്സമില്ല’–ട്രംപ് ട്വിറ്ററിൽ അറിയിച്ചു.

ചർച്ചയ്ക്കു തയാറാണെന്ന ഉത്തരകൊറിയയുടെ പ്രതികരണത്തിനു പിന്നാലെയാണു ട്രംപിന്റെ മറുപടി. നേരത്തേ, കിം ജോങ് ഉന്നിന് എഴുതിയ കത്തിലാണ് ഉച്ചകോടിയിൽനിന്നു പിന്മാറുകയാണെന്നു ട്രംപ് പ്രഖ്യാപിച്ചത്.  

ഇതിനിടെ, വൈറ്റ് ഹൗസിലെയും യുഎസ് ആഭ്യന്തരവകുപ്പിലെയും 30 ഉദ്യോഗസ്ഥർ ഉടൻ സിംഗപ്പൂരിലേക്കു തിരിക്കുമെന്ന് പൊളിറ്റിക്കോ മാഗസിൻ റിപ്പോർട്ടു ചെയ്തു. അവിടെ ഉത്തരകൊറിയൻ ഉദ്യോഗസ്ഥരുമായി ഉച്ചകോടിയുടെ വിശദാംശങ്ങളും വിഷയങ്ങളും ഇവർ ചർച്ച ചെയ്യുമെന്നാണു കരുതുന്നത്. ഇൗ സംഘത്തിൽ വൈറ്റ് ഹൗസ് ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ജോസഫ് ഹേഗിൻ, ഡപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മിര റിക്കാർഡൽ എന്നിവർ ഉണ്ടാകുമെന്നാണു വിവരം.

കിമ്മും മൂണും കണ്ടു, അപ്രതീക്ഷിതമായി

സോൾ∙ ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും തമ്മിൽ അപ്രതീക്ഷിത കൂടിക്കാഴ്ച. പൻമുൻജോങ്ങിലെ സൈനികരഹിത മേഖലയിലായിരുന്നു കൂടിക്കാഴ്ച. കിം ജോങ് ഉന്നും ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച യാഥാർഥ്യമാക്കുന്നതു സംബന്ധിച്ച കാര്യങ്ങളാണ് ഇരു കൂട്ടരും പങ്കുവച്ചത്.