Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാസ: പരുക്കേറ്റ പ്രക്ഷോഭകനെ പരിചരിക്കുന്നതിനിടെ പലസ്തീൻ നഴ്‌സിനെ ഇസ്രയേൽ വെടിവച്ചുകൊന്നു

Razan Najjar പലസ്തീൻ നഴ്‌സ് റസാൻ അൽ നജാർ (വൃത്തത്തിൽ) ഗാസ പ്രക്ഷോഭകർക്കിടയിൽ. ഇൻസെറ്റിൽ റസാൻ അൽ നജാർ

ഗാസ∙ പ്രക്ഷോഭത്തിനിടെ പരുക്കേറ്റ യുവാവിനെ സഹായിക്കാനെത്തിയ പലസ്തീൻ നഴ്‌സിനെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു. ആരോഗ്യപ്രവർത്തകയായ റസാൻ അൽ നജാർ (21) ആണു കൊല്ലപ്പെട്ടത്. ഇതോടെ, ഗാസ മുനമ്പിൽ കഴിഞ്ഞ മാർച്ച് 30ന് ആരംഭിച്ച വാരാന്ത്യ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 119 ആയി.

വെള്ളിയാഴ്ച യൂനിസ് പട്ടണത്തിൽ പ്രക്ഷോഭകരും ഇസ്രയേലിന്റെ സൈനികരും തമ്മിലുണ്ടായ സംഘർഷത്തിനിടെ പരുക്കേറ്റ യുവാവിനെ രക്ഷിക്കാനായി അതിർത്തിവേലിക്കു സമീപത്തേക്ക് ഓടുമ്പോഴാണു റസാനു വെടിയേറ്റത്. നഴ്‌സിന്റെ വെള്ള യൂണിഫോം അണിഞ്ഞ റസാൻ കൈകൾ ഉയർത്തിവീശിയെങ്കിലും ഫലമുണ്ടായില്ല. നെഞ്ചിനാണു വെടിയേറ്റത്.

അതിനിടെ, അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ നഗരത്തിൽ ഇസ്രയേൽ സൈനികന്റെ വെടിയേറ്റു പലസ്തീൻ പൗരനായ ബൈത് ഉമ്മർ (35) കൊല്ലപ്പെട്ടു. സൈനിക ഓഫിസർക്കു നേരെ ട്രാക്ടർ ഓടിച്ചുകയറ്റാൻ ശ്രമിച്ചപ്പോൾ വെടിവച്ചുവെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. വെള്ളിയാഴ്ചത്തെ പ്രക്ഷോഭത്തിൽ നൂറോളം പേർക്കു പരുക്കേറ്റിട്ടുണ്ട്. ആയിരക്കണക്കിനു പ്രക്ഷോഭകരെ പിരിച്ചയയ്ക്കാൻ ഗാസ അതിർത്തിയിൽ അഞ്ചിടത്തു സൈന്യം ബലം പ്രയോഗിച്ചതായി ഇസ്രയേൽ വ്യക്തമാക്കി. എന്നാൽ, ഇസ്രയേൽ ഭാഗത്ത് ആളപായമോ പരുക്കോ ഇല്ല.

Razan Najjar

നഴ്സ് കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുമെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ഇസ്രയേലിലെ സ്വദേശങ്ങളിലേക്കു മടങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണു ഗാസ അതിർത്തിയിൽ തമ്പടിച്ച് പതിനായിരക്കണക്കിനു പലസ്തീൻ അഭയാർഥികൾ സമരം ചെയ്യുന്നത്. 

ഗാസ അതിക്രമം: യുഎൻ പ്രമേയം യുഎസ് തടഞ്ഞു

ന്യൂയോർക്ക്∙ ഗാസയിലെ ഇസ്രയേൽ അതിക്രമങ്ങൾക്കെതിരെ യുഎൻ രക്ഷാസമിതിയിൽ കുവൈത്ത് അവതരിപ്പിച്ച പ്രമേയം യുഎസ് തടഞ്ഞു. ചൈന, ഫ്രാൻസ്, റഷ്യ അടക്കം 10 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ ബ്രിട്ടൻ, ഇത്യോപ്യ, നെതർലൻഡ്‌സ്, പോളണ്ട് എന്നീ രാജ്യങ്ങൾ വിട്ടുനിന്നു.

അതേസമയം, ഹമാസിനെ കുറ്റപ്പെടുത്തി യുഎസ് അവതരിപ്പിച്ച പ്രമേയത്തിന് ആരുടെയും പിന്തുണ ലഭിച്ചില്ല. 15 അംഗ രക്ഷാസമിതിയിൽ അഞ്ചു സ്ഥിരാംഗങ്ങളുടെ (ബ്രിട്ടൻ, ചൈന, ഫ്രാൻസ്, റഷ്യ, യുഎസ്) പിന്തുണയ്ക്കൊപ്പം ഒൻപതു വോട്ടുകളും ലഭിച്ചാൽ മാത്രമേ പ്രമേയം പാസാകുകയുള്ളൂ. ഇതു രണ്ടാം തവണയാണു യുഎസ് പലസ്തീൻ പ്രശ്നത്തിലുള്ള യുഎൻ പ്രമേയം വീറ്റോ ചെയ്തുതള്ളുന്നത്.