Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്ങനെ ശീതയുദ്ധം ഠിം!

Kim Jong Un and Donald Trump

സോൾ ∙ ലോകത്തെ ഒരുകാലത്ത് ഭീതിയുടെ മുൾമുനയിൽനിർത്തിയ ശീതയുദ്ധത്തിന്റെ അവസാന അടയാളങ്ങളും മായ്ച്ചു കളയുന്നതാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നും തമ്മിൽ ഇന്നലെയുണ്ടായ സിംഗപ്പൂർ ധാരണ.
ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ ഇന്നലത്തെ ഉച്ചകോടിയെപ്പറ്റി പറഞ്ഞത് ‘ശീതയുദ്ധത്തിന്റെ യഥാർഥ അന്ത്യം’ എന്നാണ്.

സോവിയറ്റ് യൂണിയൻ ചേരിയും അമേരിക്കൻ ചേരിയും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട ശീതസമരത്തിന്റെ ഉപയുദ്ധമെന്നു വിശേഷിപ്പിക്കാവുന്നതായിരുന്നു 1950–53 ൽ ഇരുകൊറിയകൾ തമ്മിലുണ്ടായത്. ഒരുവശത്ത് സോവിയറ്റ് അനുകൂല ഉത്തരകൊറിയയും മറുവശത്ത് യുഎസ് അനുകൂല ദക്ഷിണ കൊറിയയും. സോവിയറ്റ് യൂണിയനും ചൈനയും ഉത്തരകൊറിയയ്ക്കൊപ്പം നിന്നു. യുഎസ് ദക്ഷിണകൊറിയയ്ക്കും.

1953 ൽ യുദ്ധം അവസാനിച്ചെങ്കിലും കക്ഷികൾ തമ്മിൽ യുദ്ധ വിരാമ ഉടമ്പടിയുണ്ടായിരുന്നില്ല. പകരം, വെടിനിർത്തൽ കരാർ മാത്രമാണുണ്ടായത്. അതുകൊണ്ടുതന്നെ സാങ്കേതികാർഥത്തിൽ യുദ്ധം ഇപ്പോഴും അവസാനിച്ചിട്ടില്ല. യുദ്ധത്തിലെ കക്ഷികളായ ഉത്തര – ദക്ഷിണ കൊറിയകൾ തമ്മിൽ നേരത്തെയും ഇപ്പോൾ യുഎസും ഉത്തരകൊറിയയും തമ്മിലും ധാരണയിലെത്തുന്നതോടെ യുദ്ധവിരാമ ഉടമ്പടിക്കു സാധ്യത തെളിഞ്ഞു. കൊറിയൻ ഉപദ്വീപിൽ കൊല്ലപ്പെടുകയോ കാണാതാവുകയോ തടവുകാരാക്കപ്പെടുകയോ ചെയ്ത ആറായിരത്തോളം യുഎസ് സൈനികരുണ്ടെന്നാണു കണക്ക്.