Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിറന്നാളുണ്ട് ട്രംപ്; കിമ്മുമായി ഇന്നു ചർച്ച

trump-birthday-cake മധുരം നിറയട്ടെ: സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഷിയാൻ ലുങ് ഒരുക്കിയ ഉച്ചവിരുന്നിനിടെ പിറന്നാൾകേക്കിലെ മെഴുകുതിരി ഊതിക്കെടുത്തുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചിത്രം: റോയിട്ടേഴ്സ്

മൂന്നുനാൾ മുൻപേ പിറന്നാൾ മധുരം പങ്കിട്ട്, ആഹ്ലാദചിത്തനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് ഉത്തരകൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നുമായി ചർച്ചയ്ക്ക്. 

ഇന്ത്യൻ സമയം രാവിലെ 6.30നു സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിൽ നടക്കുന്ന ചരിത്രസംഗമത്തിലേക്കു കണ്ണുനട്ടിരിക്കുകയാണു ലോകം. 

ഇന്നലെ സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഷിയാൻ ലുങ്ങിന്റെ ഉച്ചവിരുന്നിലാണ് അപ്രതീക്ഷിതമായി ട്രംപിന്റെ പിറന്നാളുമാഘോഷിച്ചത്. 

14–നാണു ട്രംപിന്റെ 72–ാം ജന്മദിനമെങ്കിലും മുൻകൂർ ആഘോഷമൊരുക്കുകയായിരുന്നു. ട്രംപും കിമ്മും ഞായറാഴ്ച തന്നെ സിംഗപ്പൂരിലെത്തിയിരുന്നു. കിമ്മിന് ഇന്നലെ പൊതുപരിപാടികളില്ലായിരുന്നു; വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ചു. 

ഉത്തരകൊറിയയുടെ പൂർണ ആണവനിരായുധീകരണമാണ് ലക്ഷ്യമെന്നു യുഎസ് ഇന്നലെ ആവർത്തിച്ചു. ആണവനിരായുധീകരണം യാഥാർഥ്യമാക്കാൻ ഉത്തരകൊറിയയ്ക്കു ‘സവിശേഷമായ’ സുരക്ഷാ ഉറപ്പുകൾ നൽകാമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കി. യുഎസുമായുള്ള ബന്ധത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കാനും സ്വരാജ്യത്തു സമാധാനവും പുരോഗതിയും കൈവരിക്കാനും കിം ജോങ് ഉന്നിനുള്ള അപൂർവമായ അവസരമാണിത് – പോംപെയോ പറഞ്ഞു.