Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിം ജോങ് ഉൻ വീണ്ടും ചൈനയിൽ; ഷിയുമായി ചർച്ച

Kim Jong Un

ബെയ്ജിങ് ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള വിജയകരമായ ഉച്ചകോടിക്കു ശേഷം ഉത്തരകൊറിയയിലെ പരമോന്നത നേതാവ് കിം ജോങ് ഉൻ വീണ്ടും ചൈനയിലെത്തി. പ്രസിഡന്റ് ഷി ചിൻപിങ്ങുമായി അദ്ദേഹം ചർച്ച നടത്തും. ട്രംപുമായുള്ള സിംഗപ്പൂർ ഉച്ചകോടിക്കു മുൻപു രണ്ടുവട്ടം കിം ചൈനയിലെത്തി ഷി ചിൻപിങ്ങിനെ കണ്ടിരുന്നു. സമാധാന ചർച്ച മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ച് ആലോചിക്കാനാണു കിം എത്തിയതെന്നു കരുതുന്നു. ഇന്നു മടങ്ങും.

മുൻപു രണ്ടു സന്ദർശനങ്ങളുടെയും വിവരങ്ങൾ കിം വന്നുപോയതിനു ശേഷമാണു ചൈന വെളിപ്പെടുത്തിയത്. എന്നാൽ ഇക്കുറി കിം എത്തിയപ്പോൾ തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഉത്തരകൊറിയയ്ക്കെതിരെ യുഎൻ പ്രഖ്യാപിച്ചിട്ടുള്ള ഉപരോധങ്ങൾ സിംഗപ്പൂർ ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ പിൻവലിക്കണമെന്നു റഷ്യയെപ്പോലെ ചൈനയും ആവശ്യപ്പെടുമോ എന്നും വ്യക്തമല്ല.

യുഎസ്–ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസങ്ങൾ നിർത്തിവയ്ക്കുന്നതായി നേരത്തേ പ്രഖ്യാപിച്ച ട്രംപ്, ഉപരോധങ്ങൾ തുടരുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇതേസമയം, യുഎസ്–ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസങ്ങൾ നിർത്തിവച്ചതിനെ ചൈന സ്വാഗതം ചെയ്തു. യുഎസും ജപ്പാനും ചേർന്നുള്ള സൈനികാഭ്യാസങ്ങൾ മുൻനിശ്ചയപ്രകാരം നടത്തുമെന്നു ജപ്പാൻ അറിയിച്ചു.