Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേരിട്ടുള്ള റിക്രൂട്മെന്റ്; തോത് കൂട്ടി കുവൈത്ത്, 21 മേഖലകളിൽ കൂടുതൽ തൊഴിലവസരം

കുവൈത്ത് സിറ്റി∙ 21 തൊഴിൽ മേഖലകളിൽ വിദേശത്തുനിന്നു നേരിട്ടുള്ള തൊഴിൽ റിക്രൂട്മെന്റ് തോത് കുവൈത്ത് വർധിപ്പിച്ചു. സ്വദേശി സംവരണത്തിനു ശേഷമുള്ള തസ്തികകളിൽ മുഴുവൻപേരെയും വിദേശത്തുനിന്ന് ഇനി നേരിട്ടു കൊണ്ടുവരാം. 18 മേഖലകളിൽ നിലവിലുള്ളതുപോലെ 25% പേരെ വിദേശത്തുനിന്നു നേരിട്ടു കൊണ്ടുവരാമെന്നും അറിയിപ്പിൽ പറയുന്നു. ഇപ്പോൾ സ്വകാര്യ മേഖലയിൽ സ്വദേശി നിയമനത്തിനു ശേഷമുള്ള തസ്തികകളിൽ നിയന്ത്രണവിധേയമായാണു തൊഴിൽ വീസ അനുവദിക്കുന്നത്.

അതിൽത്തന്നെ 25% പേരെ മാത്രമേ വിദേശത്തുനിന്നു നേരിട്ടു റിക്രൂട്ട് ചെയ്യാനാകൂ. കുവൈത്തിൽ തങ്ങുന്ന വിദേശികളിൽനിന്നു വേണം ശേഷിക്കുന്നവരെ കണ്ടെത്താൻ. ഈ വ്യവസ്ഥയിൽനിന്ന് 21 വിഭാഗങ്ങളെ ഒഴിവാക്കുന്നതോടെ വിദേശികൾക്കു കൂടുതൽ തൊഴിൽ അവസരങ്ങൾ തുറക്കുകയാണ്. ഡോക്ടർ, നഴ്സ് തസ്തികകളിൽ നിലവിൽ വീസ നിയന്ത്രണമില്ല. എന്നാൽ, ഇന്ത്യയിൽനിന്നുള്ള നഴ്സ് നിയമനം സാധ്യമാകണമെങ്കിൽ കുവൈത്തുമായി പുതിയ ധാരണയിൽ എത്തണം.
കേരളത്തിൽനിന്നുള്ള നോർക്ക, ഒഡെപെക് ഏജൻസികൾ ഇക്കാര്യത്തിൽ ചർച്ചയിലാണ്. മന്ത്രി ടി.പി.രാമകൃഷ്ണൻ നയിക്കുന്ന ഒഡെപെക് സംഘം നാളെ കുവൈത്ത് ആരോഗ്യമന്ത്രാലയം അധികൃതരെ കാണും.

100% വിദേശി നിയമനം

സർക്കാരിന്റെ പൂർണ ഉടമസ്ഥതയിൽ ഉള്ളതോ 25 ശതമാനത്തിനുമേൽ സർക്കാരിന് ഉടമസ്ഥതയുള്ളതോ ആയ കമ്പനികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, മെഡിക്കൽ സെന്ററുകൾ, ലബോറട്ടറികൾ, ഫാർമസികൾ, ഹോം മെഡിക്കൽ കെയർ, ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, നിക്ഷേപ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, സർവകലാശാലകൾ, കോളജുകൾ, സ്വകാര്യ സ്കൂ‍ളുകൾ, പരിശീലന സ്ഥാപനങ്ങൾ, നഴ്സറികൾ, സ്പോർട്സ് ക്ലബ്ബുകൾ, ഫെഡറേഷനുകൾ, കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, ട്രേഡ് യൂണിയനുകൾ, ചാരിറ്റി സംഘങ്ങൾ, ചെറുകിട വ്യവസായങ്ങൾ, ആഭ്യന്തര – വിദേശ വിമാനക്കമ്പനികൾ, എയർലൈൻ, മറൈൻ ഏജൻസികൾ, എൻ‌ജിനീയറിങ്, ലീഗൽ, ഫിനാൻഷ്യൽ അഡ്വൈസറി ഓഫിസുകൾ, ഇന്റേണൽ - എക്സ്റ്റേണൽ ഇൻഫർമേഷൻ ഓഫിസുകൾ, കൃഷി - മത്സ്യബന്ധന സ്ഥാപനങ്ങൾ, അച്ചടിശാലകൾ, ടെലിവിഷൻ, റേഡിയോ, പത്രങ്ങൾ, പരസ്യ മാഗസിനുകൾ, അംഗീകൃത കാർ ഡീലർമാർ, കണ്ണട കടകൾ, കുവൈത്ത് സെൻ‌ട്രൽ ബാങ്ക് അംഗീകരിച്ച ബാങ്കിങ് കമ്പനികൾ, വ്യോമയാന പരിശീലന സ്ഥാപനം, ഇൻ‌വെസ്റ്റ്മെന്റ് പ്രമോഷൻ അതോറിറ്റിയുടെ അംഗീകാമുള്ള വിദേശ നിക്ഷേപ സ്ഥാപനങ്ങൾ, 60 അടിയിൽ താഴെ വലുപ്പമുള്ള ഉല്ലാസ നൗകകൾ.

25% വിദേശി നിയമനം

സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ, കുവൈത്ത് സെൻ‌ട്രൽ ബാങ്ക് അംഗീകരിച്ച ഫിനാൻഷ്യൽ കമ്പനികൾ, വിമാനം വാടകയ്ക്കു നൽകുന്ന സ്ഥാപനങ്ങൾ, മുനിസിപ്പാലിറ്റി കരാർ കമ്പനികൾ, സെൻ‌ട്രൽ ടെൻഡർ ഏജൻസിയിൽ ഉൾപ്പെടുത്തിയ കമ്പനികൾ, ജോയിന്റ് സ്റ്റോക്ക് കമ്പനികളും ഹോൾഡിങ് കമ്പനികളും, ഓൺലൈൻ മാധ്യമങ്ങൾ, വാണിജ്യ - വ്യവസായ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത അംഗീകൃത ഡീലർമാർ, അഗ്നിശമന വിഭാഗം കമ്പനികൾ, വ്യോമയാന ട്രാവൽ ഓഫിസുകൾ, ക്ലബ്ബുകളും വ്യായാമകേന്ദ്രങ്ങളും, സിനിമാശാലകളും എന്റർടെയ്ൻമെന്റ് സിറ്റികളും, 1000 ചതുരശ്ര മീറ്ററിൽ കുറയാത്ത സെൻ‌ട്രൽ മാർക്കറ്റുകൾ, വ്യവസായ യൂണിറ്റുകൾ, മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്ന കമ്പനികൾ, സെൻ‌ട്രൽ ഇൻഫർമേഷൻ കമ്പനികൾ, കുവൈത്ത് പെട്രോളിയം കമ്പനിയുമായി ബന്ധപ്പെട്ട കരാർ കമ്പനികൾ, ഭക്ഷ്യമേഖല.