Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം കാവലിരുന്ന നാളുകൾ

army രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ സൈനികർ താം ലുവാങ് ഗുഹയിൽനിന്നു മടങ്ങുന്നു. ചിത്രം: ഭാനുപ്രകാശ് ചന്ദ്ര ∙ മനോരമ

ചിക്കമഗളൂരുവിൽ നല്ല മഴ കിട്ടിയതിനു ദൈവത്തെ സ്തുതിക്കുന്ന അമ്മയുടെ അരികിൽനിന്നായിരുന്നു ഇതേ മഴ തായ്‌ലൻഡിലെ ഗുഹയിൽ തടവിലാക്കിയ 13 പേരെ തേടിയുള്ള എന്റെ യാത്ര. ബാങ്കോക്കിൽനിന്നു താം ലുവാങ്ങിന്റെ ഏറ്റവും അടുത്തുള്ള വിമാനത്താവളമായ ചിയാങ് റായിലേക്കുള്ള വിമാനത്തിൽ അധികവും ലോകത്തിന്റ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാധ്യമ പ്രവർത്തകരായിരുന്നു. വിമാനത്താവളത്തിൽ നിന്നു രക്ഷാദൗത്യത്തിന്റെ ആസ്ഥാന കേന്ദ്രമായ മായ് സായിൽ ഞങ്ങൾ എത്തിയപ്പോഴേക്കും ആ ശുഭവാർത്ത വന്നു– ഗുഹയിൽ കുടുങ്ങിയ നാലു കുട്ടികളെ പുറത്തെത്തിച്ചു, ബാക്കിയുള്ളവർ പിന്നാലെ വരുന്നു.

താം ലുവാങ് ഗുഹാമുഖത്തുനിന്ന് ഏറെ മാറി മായ് സായിയിലെ ഒരു സർക്കാ‍ർ ഓഫിസിലായിരുന്നു മാധ്യമ പ്രവർത്തകർക്കുള്ള കേന്ദ്രം. അവിടെനിന്നു ചെളിനിറഞ്ഞ വഴിയിലൂടെ ഞാൻ നടന്നു. അൽപദൂരം പിന്നിട്ടപ്പോൾ ഒരു ചെറിയ തടാകത്തിനിരികെ രക്ഷാ സംഘത്തിന്റെ ഏതാനും വാഹനങ്ങൾ. ഗുഹ പിന്നെയും ഏറെ ദൂരെയാണ്. മലമ്പാതയിലൂടെ ഒരു കിലോമീറ്ററോളം വീണ്ടും മുന്നോട്ടു പോയപ്പോൾ പൊലീസ് ചെക്പോസ്റ്റ്. ഇവിടെവരയെ മാധ്യമപ്രവർത്തകർക്കു പ്രവേശനമുള്ളൂ.

സമീപത്തുള്ള പൈനാപ്പിൾ തോട്ടത്തിലെ ഒഴിഞ്ഞ സ്ഥലത്തായിരുന്നു പിന്നീടുള്ള രണ്ടു ദിവസം. മഴയും വെയിലും കാറ്റുമെല്ലാമായി കാലാവസ്ഥ അടിക്കടി മാറിക്കൊണ്ടിരുന്നു. ഇതിനിടെ 13 പേരെയും രക്ഷപ്പെടുത്തി ആംബുലൻസുകൾ മലയും തിരിവുകളുമിറങ്ങി വരുന്നതു സന്തോഷത്തോടെ കണ്ടു.

കൂട്ടത്തിലൊരാളുടെ ജന്മദിനാഘോഷത്തിനാണ് ഫുട്ബോൾ ടീം ഗുഹകയറിയത്. മുൻപും പലവട്ടം ഗുഹയിൽ പോയിട്ടുള്ള സംഘത്തെ അപ്രതീക്ഷിത മഴയാണ് കുടുക്കിയത്. ആഘോഷത്തിനുള്ള ഭക്ഷണവും വെള്ളവും കരുതിയിരുന്നതും ഫുട്ബോൾ ടീം എന്ന നിലയിലുള്ള കൂട്ടായ്മയുമാണ് യഥാർഥത്തിൽ അവരെ രക്ഷപ്പെടുത്തിയതെന്നാണു നാട്ടുകാർ പറയുന്നത്. ആദ്യം കുട്ടികളെ തേടിയപ്പോയ ദൗത്യസംഘാംഗങ്ങൾ അവരെ കണ്ടെത്താനാകാതെ മടങ്ങിയതോടെ പ്രതീക്ഷയറ്റിരുന്നതായി മായ് സായിലെ ഹോം സ്റ്റേ ഉടമ ഓയു പറഞ്ഞു.

എന്നാൽ 13 പേരും ഉള്ളിൽ ജീവനോടെയുണ്ടെന്നു മനസ്സിലായതോടെ രക്ഷാദൗത്യത്തിനായി ലോകം കൈകോർക്കുകയായിരുന്നു. സർവസന്നാഹങ്ങളുമായി വിവിധ രാജ്യങ്ങൾ ദൗത്യത്തിൽ പങ്കാളികളായി. അങ്ങനെ തായ് ഗുഹയ്ക്കു ലോകം കാവലിരുന്ന ഈ നാളുകൾ രാജ്യാതിർത്തികൾ നിഷ്പ്രഭമാക്കുന്ന മനുഷ്യസ്നേഹത്തിന്റെ മാതൃകയായി.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.