Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പമ്പുകൾ പണിമുടക്കിയ ആ ഉദ്വേഗനിമിഷങ്ങൾ...

cave തായ്‌ലൻഡിലെ താം ലുവാങ് ഗുഹയ്ക്കുള്ളി‍ൽ രക്ഷാപ്രവർത്തനത്തിനായി സ്ഥാപിച്ച യന്ത്രസാമഗ്രികൾ നീക്കം ചെയ്യുന്നവർ.

ചിയാങ് റായ് (തായ്‌ലൻഡ്)∙ മഴവെള്ളം നിറഞ്ഞ താം ലുവാങ് ഗുഹയ്ക്കുള്ളി‍ൽനിന്നു പന്ത്രണ്ടു ബാലന്മാരെയും ഫുട്ബോ‍ൾ പരിശീലകനെയും പുറത്തെത്തിക്കാൻ മൂന്നു ഘട്ടങ്ങളിലായി നടത്തിയ രക്ഷാപ്രവർത്തനം ഓരോഘട്ടത്തിലും നേരിട്ടതു വൻവെല്ലുവിളികൾ. ലോകത്തിന്റെ മുഴുവൻ ശ്രദ്ധ കവർന്ന ഗുഹാദൗത്യത്തിന്റെ ഞെട്ടിക്കുന്ന അണിയറക്കഥകളാണ് ഒന്നൊന്നായി പുറത്തുവരുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ, വെള്ളം വറ്റിക്കാനുള്ള പമ്പുകൾ പൊടുന്നനെ പണിമുടക്കിയ നിമിഷങ്ങളാണു ദൗത്യസംഘത്തിലെ മൂന്ന് ഓസ്ട്രേലിയൻ നീന്തൽ വിദഗ്ധർ ഭീതിയോടെ ഓർത്തെടുത്തത്.

അവസാനത്തെ കുട്ടിയെയും പുറത്തെത്തിച്ചു കഴിഞ്ഞ്, ഗുഹാമുഖത്തുനിന്ന് ഒന്നര കിലോമീറ്റർ ഉള്ളിലായി നൂറോളം രക്ഷാപ്രവർത്തകർ ഉപകരണങ്ങൾ തിരിച്ചെടുക്കുന്ന തിരക്കിലായിരിക്കുമ്പോഴാണു പ്രധാന പമ്പിന്റെ പ്രവർത്തനം നിലച്ചത്. പമ്പില്ലാതെ വെള്ളം പുറത്തേക്കു കളയാനാകില്ല. അതോടെ ഗുഹയിലെ ജലനിരപ്പു വീണ്ടും ഉയർന്നു. പേടിപ്പെടുത്തുന്ന വേഗത്തിലായിരുന്നു വെള്ളം വീണ്ടും പൊങ്ങിയത്. അതോടെ ഗുഹയ്ക്കുള്ളിൽ നിലവിളികളുയർന്നു. വെള്ളമില്ലാത്തിടത്തേക്കു പാഞ്ഞെത്താൻ തിരക്കിട്ടു.

തായ്‌ലൻഡ് നാവികസേനയുടെ മൂന്നു സീൽ അംഗങ്ങളും നീന്തൽവിദഗ്ധനായ ഓസ്ട്രേലിയൻ ഡോക്ടർ റിച്ചാ‍ഡ് ഹാരിസുമായിരുന്നു ഗുഹയിൽനിന്ന് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയത്. ഇതുകൂടാതെ രക്ഷാപ്രവർത്തകർ നേരിട്ട വെല്ലുവിളികൾക്കു കയ്യും കണക്കുമില്ല. ഗുഹയുടെ വിവിധയിടങ്ങളിലായി നീന്തൽവിദഗ്ധർ ചെളിവെള്ളത്തിൽ പുതഞ്ഞു നിലയുറപ്പിച്ചത് ആറു മണിക്കൂർ വരെ. കുട്ടികളെ ഓരോരുത്തരെ കൊണ്ടുവരുമ്പോഴേക്കും അവരെ അടുത്തയാൾക്കു കൈമാറണം. ഈയൊരു ചങ്ങല പൊട്ടാതെ നോക്കേണ്ടത് ഓരോ അംഗത്തിനും ഭാരിച്ച ഉത്തരവാദിത്തമാണുണ്ടാക്കിയത്.

രണ്ടുകിലോ ഭാരം കുറഞ്ഞെങ്കിലും ബാലന്മാർ ആരോഗ്യത്തോടെ

ചിയാങ് റായ് (തായ്‌ലൻഡ്)∙ പതിനേഴു ദുരിതദിനങ്ങൾ ഇരുൾഗുഹയിൽ കഴിച്ചുകൂട്ടിയതിന്റെ ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നും തായ്‌ലൻഡിലെ ബാലന്മാർക്കില്ലെന്നു ഡോക്ടർമാർ. ആഹാരമില്ലാതെ അൽപം മെലിഞ്ഞെന്നതൊഴിച്ചാൽ എല്ലാവരും ആരോഗ്യത്തോടെയിരിക്കുന്നു. ഓരോരുത്തർക്കും ശരാശരി രണ്ടുകിലോ തൂക്കം കുറഞ്ഞിട്ടുണ്ട്. തായ്‌ലൻഡിലെയും ലോകത്തെയും വാൽസല്യവും ശ്രദ്ധയും കവർന്ന രക്ഷാദൗത്യം പൂർണമായും വിജയിച്ചതിനു പിന്നാലെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച് ആശങ്ക ഉയർന്നിരുന്നു.

എന്നാൽ, ഗുഹാവാസക്കാലത്ത് അവരുടെ ആരോഗ്യം, അവസരത്തിനൊത്തുയർന്ന ഫുട്ബോൾ പരിശീലകന്റെ കയ്യിൽ ഭ്രദ്രമായിരുന്നെന്നാണു തായ്‌ലൻഡ് ആരോഗ്യവകുപ്പ് ഇൻസ്പെക്ടർ തോങ്‌ചായ് ലേർട്‌വിലായ്രത്തനപോങ് അറിയിച്ചത്. നാലു കുട്ടികളെ അവരുടെ മാതാപിതാക്കൾ ആശുപത്രിയിൽ സന്ദർശിച്ചു. നിരീക്ഷണത്തിലായതിനാൽ, സുരക്ഷാവസ്ത്രം ധരിച്ച് ഏഴടി അകലെനിന്നുകൊണ്ടു മക്കളെ കാണാനേ അവർക്കായുള്ളൂ. ഗുഹയിൽനിന്ന് അവസാനം പുറത്തെത്തിച്ച കുട്ടികളിലൊരാൾക്കു ശ്വാസകോശ അണുബാധയുണ്ടെന്നും തോങ്ചായ് പറഞ്ഞു. എല്ലാവർക്കും പ്രതിരോധ കുത്തിവയ്പുകൾ നൽകിക്കഴിഞ്ഞു.

related stories