Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ഗുഹ ഇനി മ്യൂസിയം

video-pic തായ്‌ലൻഡിലെ താം ലുവാങ് ഗുഹയ്ക്കുള്ളി‍ൽ തായ് നേവിസീൽസ് നടത്തിയ സാഹസിക രക്ഷാപ്രവർത്തനത്തിന്റ വിഡിയോദൃശ്യം .സേനയുടെ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോ ഞൊടിയിടയിൽ വൈറലായെങ്കിലും പിന്നീട് എടുത്തുമാറ്റി.

മായ് സായി (തായ്‌ലൻഡ്)∙ രക്ഷാപ്രവർത്തനത്തിലെ ലോകാത്ഭുതങ്ങളിലൊന്നായി മാറിക്കഴിഞ്ഞ തായ്‌ലൻഡ് സംഭവത്തിന്റെ ഓർമയ്ക്കായി ആ ഗുഹ മ്യൂസിയമാക്കുന്നു. പന്ത്രണ്ടു കുട്ടികളും പതിനേഴു ദിവസം കുടുങ്ങിയ താം ലുവാങ് ഗുഹ മ്യൂസിയമാക്കാൻ പ്രാദേശിക ഭരണകൂടം തീരുമാനിച്ചതായി നേവി സീൽസ് ദൗത്യസംഘം കമാൻഡർ നരോങ്സാക് ഓസോതനാകോൺ. ദൗത്യം വിജയകരമായി പര്യവസാനിച്ചതിനു പിന്നാലെ നടത്തിയ അവസാനത്തെ മാധ്യമസമ്മേളനത്തിലായിരുന്നു നരോങ്സാക് ഇക്കാര്യം അറിയിച്ചത്.

രക്ഷാദൗത്യത്തിനായി ഉപയോഗിച്ച എല്ലാ ഉപകരണങ്ങളും രക്ഷാപ്രവർത്തകരുടെ യൂണിഫോമും നീന്തൽവസ്ത്രങ്ങളും ശേഖരിച്ചു മ്യൂസിയത്തിൽ സൂക്ഷിക്കും. പമ്പു ചെയ്തു ഗുഹയ്ക്കു പുറത്തേക്കൊഴുക്കിയ വെള്ളം നിറഞ്ഞു കൃഷിസ്ഥലങ്ങൾ നശിച്ചവർക്കു നഷ്ടപരിഹാരം നൽകും. ഭൂമിക്കടിയിലുള്ള വെള്ളത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നത് നേവി സീൽസിനെ സംബന്ധിച്ചിടത്തോളം ആദ്യത്തെ അനുഭവമായിരുന്നെന്നും നരോങ്സാക് പറഞ്ഞു.

കുടുങ്ങിയ കുട്ടികളുടെ അതേ രൂപത്തിലുള്ള ഡമ്മി ഉപയോഗിച്ചു രക്ഷാപ്രവർത്തകർ പരിശീലനം നടത്തിയെന്നും വ്യക്തമാക്കി. ബോധം കെടുത്താനുള്ള മരുന്നുനൽകി കുട്ടികളെ സ്ട്രെച്ചറിൽ പുറത്തെത്തിക്കുകയായിരുന്നെന്നു വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ വൈകിട്ടു നടത്തിയ മാധ്യമസമ്മേളനത്തിൽ ദൗത്യസംഘം മേധാവി ഇതു നിഷേധിച്ചു. ആശുപത്രിയിലെത്തിക്കുമ്പോൾ എല്ലാ കുട്ടികൾക്കും ബോധമുണ്ടായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

related stories