Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താലിബാൻ ചാവേർ സ്ഫോടനത്തിൽ എഎൻപി നേതാവ് ഉൾപ്പെടെ 20 മരണം

Haroon-Bilour പാക്കിസ്ഥാനിൽ താലിബാൻ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹാറൂൺ ബിലോർ

പെഷാവർ (പാക്കിസ്ഥാൻ) ∙ അവാമി നാഷനൽ പാർട്ടിയുടെ തിരഞ്ഞെടുപ്പു റാലിക്കു നേരെ നടന്ന താലിബാൻ ചാവേർ ആക്രമണത്തിൽ മുതിർന്ന നേതാവ് ഹാറൂൺ ബിലോർ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു. 30 പേർക്കു പരുക്കേറ്റു. 25നു നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രവിശ്യാ നിയമസഭയിലേക്കുള്ള പികെ–78 മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു ഹാറൂൺ. നഗരത്തിലെ തിരക്കേറിയ യകടൂട്ട് ഭാഗത്ത് ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം എത്തിയപ്പോഴായിരുന്നു ആക്രമണം.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹാറൂണിന്റെ പിതാവ് ബഷീർ ബിലോർ 2012 ൽ ഇവിടെ പാർട്ടി സമ്മേളനത്തിനിടെ നടന്ന താലിബാന്റെ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഖൈബർ പക്തൂൻഖാവ പ്രവിശ്യയിൽ നല്ല സ്വാധീനമുള്ള പാർട്ടിയാണ് ദേശീയ പ്രസ്ഥാനത്തിലെ പ്രമുഖ നേതാവ് അബ്ദുൽ ഗഫാർ ഖാന്റെ കൊച്ചുമകൻ അസ്ഫന്ത്യാർ വാലി ഖാൻ നയിക്കുന്ന എഎൻപി.

തിരഞ്ഞെടുപ്പ് റാലിക്കു നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. കെപികെ പ്രവിശ്യയിലെ തക്തിഖേലിനു സമീപം ഈ മാസം ആദ്യം നടന്ന സ്ഫോടനത്തിൽ മുത്താഹിദ മജ്‍ലിസി അമൽ സ്ഥാനാർഥിയുൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടിരുന്നു.