Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുണ്ടുവെളുത്തപ്പോൾ ചെമ്മീൻ പഥ്യമായി

Thailand Navy Seal

താം ലുവാങ് ഗുഹയിലെ അപൂർവ രക്ഷാദൗത്യം സമ്പൂർണവിജയമായതോടെ തായ്‌ലൻഡിൽ പ്രതിനായകന്മാർ നായകവേഷമണിയുന്നു. കണ്ടൽക്കാടുകൾ നശിപ്പിക്കുന്നതിന്റെയും ജലമലിനീകരണത്തിന്റെയും പേരിൽ വ്യാപക വിമർശനം ഏറ്റുവാങ്ങിയിരുന്ന ചെമ്മീൻ കൃഷിക്കാർക്കു നന്ദി പറയുകയാണു സർക്കാരും ജനങ്ങളും.

ചെമ്മീൻപാടങ്ങളിൽ വെള്ളം വറ്റിക്കാൻ ഉപയോഗിച്ചിരുന്ന പമ്പുകളാണ് ഗുഹയിലേക്ക് ഒഴുകിക്കയറിയ മഴവെള്ളം വറ്റിക്കാൻ സഹായകമായത്. തവാച്ചായ് ഫുവെങ്കചോന്റെ നേതൃത്വത്തിലായിരുന്നു നാട്ടിൻപുറത്തുകാരായ ഇരുപതോളം തൊഴിലാളികളുടെ ഭഗീരഥപ്രയത്നം. ഇന്ത്യയിലെ കിർലോസ്കർ, ഹോളണ്ടിലെ വാൻ ഹെക് കമ്പനികൾ ഉപകരണങ്ങൾ നൽകി സഹായിച്ചപ്പോൾ, തായ് തൊഴിലാളികളാണു ഗുഹയിലിറങ്ങി പണിയെടുത്തത്. രക്ഷാദൗത്യത്തിന്റെ നട്ടെല്ലായിരുന്നു ഈ വെള്ളം വറ്റിക്കൽ. പുണെയിലെ ഉൽപാദന കേന്ദ്രത്തിൽ നിന്നു കിർലോസ്കർ മൂന്നു പ്രത്യേക പമ്പുകളും ഏതാനും സാങ്കേതിക വിദഗ്ധരെയും വിട്ടുകൊടുത്തിരുന്നു.

തായ്‌ലൻഡിലെ ആദ്യ നഗരമെന്നു പേരിൽത്തന്നെ വിശേഷണമുള്ള നഖോൺ പ്രഥമ പ്രവിശ്യയാണു തവാച്ചായ് ഫുവെങ്കചോന്റെ സ്വദേശം. പ്രവിശ്യയുടെ അനൗദ്യോഗിക വിശേഷണങ്ങൾ കൗതുകമുള്ളതാണ്: കമ്പിളി നാരങ്ങ, കൊതിയൂറും ചോറ്, സുന്ദരികളായ സ്ത്രീകൾ...

നഖോണിൽനിന്നു 12 മണിക്കൂർ യാത്ര ചെയ്താണു ഫുവെങ്കചോണും സംഘവും മായ് സായിയിലെത്തിയത്. പിന്നെ 12 ദിവസം അവർ വിശ്രമമെന്തെന്നറിഞ്ഞില്ല. ഗുഹയിലെ വെളളം വറ്റിക്കാൻ ദിവസം മുഴുവൻ പ്രവർത്തനം. അവസാന ഘട്ടത്തിൽ, പണിയെടുത്തു തളർന്ന പ്രധാന പമ്പ് പ്രവർത്തനരഹിതമായതും ഗുഹയിലെ ജലനിരപ്പ് ആശങ്കാജനകമാംവിധം ഉയർന്നതും വാർത്തയായിരുന്നു. 

മണിക്കൂറിന് 20,000 രൂപയാണ് ഈ ജോലിക്കു കൂലി വാങ്ങാറുള്ളത്. പക്ഷേ, ചിയാങ് റായിലെ പണിക്ക് ഫുവെങ്കചോനും സംഘവും നയാപൈസ വാങ്ങിയില്ല.

പന്ത്രണ്ടു ദിനരാത്രങ്ങളിലെ സൗജന്യ സേവനം കഴിഞ്ഞ്, ആ തൊഴിലാളികൾ ഉപകരണങ്ങളും വലിച്ചുവാരിയിട്ടു വണ്ടിയിൽ കയറി മടങ്ങിയതു വീരനായക പരിവേഷത്തോടെ. അവരുടെ ട്രക്കുകൾക്കു പൊലീസ് അകമ്പടി സേവിച്ചു. ഫുവെങ്കചോനും കൂട്ടുകാർക്കും ഒരിക്കലും മറക്കാനാകാത്ത അധ്വാനത്തിന്റെ രാപകലുകളായിരുന്നു അത്. അതുകൊണ്ടു തന്നെ ഒരു നാൾ അദ്ദേഹം ആ ഗുഹ കാണാൻ തിരിച്ചുവരുന്നുണ്ട്, സ്വന്തം കുട്ടികളെയും കൂട്ടി.