Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾ സുഖം പ്രാപിക്കുന്നു; തായ് സീലുകൾക്ക് ഹൂയാ!

Thailand-Cave-Video ചികിത്സയിലിരിക്കുന്ന കുട്ടികളുടെ വിഡിയോ ദൃശ്യം.

മായ് സായ്∙ പതിനേഴു നാൾ നീണ്ട ഗുഹാവാസം കഴിഞ്ഞു തായ് നാവികസേന പുറത്തിറക്കിയ പന്ത്രണ്ടു കുട്ടികളും ഫുട്ബോൾ പരിശീലകനും സുഖംപ്രാപിക്കുന്നതായി ആരോഗ്യവകുപ്പ്. ചിയാങ് റായ് പ്രചനുക്രോ ആശുപത്രിയിലാണ് ഇവർ ചികിൽസയിലുള്ളത്. മൂന്നു കുട്ടികൾക്കു ചെവിയിൽ അണുബാധയുള്ളതൊഴിച്ചാൽ എല്ലാവരും ആരോഗ്യത്തോടെയിരിക്കുന്നു. മാതാപിതാക്കൾ സുരക്ഷാവസ്ത്രം ധരിച്ചാണ് ഇവരെ സന്ദർശിക്കുന്നത്.

ഇതിനിടെ, തായ് നാവികസേനയുടെ 159 അംഗ സീൽ സംഘം വൻദൗത്യം കഴിഞ്ഞു ചോൻബുരിയിലെ താവളത്തിലേക്കു മടങ്ങി. ഉതപാവോ വിമാനത്താവളത്തിൽ വന്നിറങ്ങിയ സേനാംഗങ്ങളെ നാവികരുടെ ‘ഹൂയാ’ അഭിവാദ്യം തിരിച്ചുമുഴക്കിയാണു ജനക്കൂട്ടം സ്വീകരിച്ചത്. തായ്‍ലൻഡ് രാജാവ് മഹാം വജിരലോങ്കോൺ ആശുപത്രിയിലുള്ള കുട്ടികൾക്കും ഫുട്ബോൾ പരിശീലകൻ ഏക്കിനും സീൽ അംഗങ്ങൾക്കും ഡോക്ടർമാരുടെ സംഘത്തിനും പൂക്കളും സമ്മാനങ്ങളും എത്തിച്ചുകൊടുത്തിട്ടുണ്ട്.

രക്ഷാദൗത്യത്തിൽ പങ്കെടുത്ത രാജ്യാന്തര സംഘങ്ങൾക്കായി ഒരാഴ്ചത്തെ പ്രത്യേക വിനോദസഞ്ചാര പാക്കേജ് കൊട്ടാരവും സർക്കാരിന്റെ വിദേശകാര്യ വകുപ്പും പ്രഖ്യാപിച്ചു. ഇവർക്കായി വീസ ആനുകൂല്യങ്ങളും തായ് എയർവേസ് യാത്രയിൽ പ്രത്യേക പരിഗണനയും അനുവദിച്ചുള്ള ഉത്തരവുമിറങ്ങി.