Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തായ്‌ലൻഡിന്റെ വീരപുത്രന് വീരോചിത വിട

saman

ചിയാങ് റായ്∙ തായ്‍ലൻഡിലെ റോയി എറ്റ് പ്രവിശ്യയിലെ ബാൻ നോങ് ഖു ബുദ്ധക്ഷേത്രത്തിൽ ഇന്നലെ സമൻ കുനോന്തിന്റെ ശവസംസ്കാര ചടങ്ങുകൾ നടന്നു. വീരോചിതമായ യാത്രയപ്പാണ് അദ്ദേഹത്തിനു നൽകിയത്. 

തായ്‍ നാവികസേനയിലെ പെറ്റി ഓഫിസറായിരുന്ന സമനു മരണാനന്തരം ലഫ്റ്റനന്റ് കമാൻഡറായി സ്ഥാനക്കയറ്റം നൽകിയതായി രാജാവ് മഹാവജിരലോങ്‌കോൻ പ്രഖ്യാപിച്ചു. ഏഴു റാങ്കുകൾ മുകളിലുള്ള സ്ഥാനമാണ് ഒറ്റയടിക്ക് അദ്ദേഹത്തിനു നൽകിയത്. 

തായ്‍ലൻഡിലെ പത്താമത്തെ വലിയ ബഹുമതിയായ നൈറ്റ് ഗ്രാൻഡ് ക്രോസ് (ഫസ്റ്റ് ക്ലാസ്) ബഹുമതിയും സമനു പ്രഖ്യാപിച്ചു. ഈ ബഹുമതി ലഭിച്ചതോടെ രാജകൊട്ടാരത്തിൽനിന്നു പ്രത്യേക ദീപം കൊണ്ടുവന്നാണു മൃതദേഹം ദഹിപ്പിച്ചത്. രാജകീയ ദീപം 500 കിലോമീറ്ററോളം സഞ്ചരിച്ചാണു ചതുഫാക് പിമാനിലെത്തിയത്. ചിതയൊരുക്കാൻ ആറുലക്ഷം രൂപ സർക്കാർ ചെലവഴിച്ചു. 

ചടങ്ങുകളിൽ രാജാവിന്റെ പ്രതിനിധിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തു. നാവികസേനയിൽനിന്നു വിരമിച്ച ശേഷം, തായ്‍ലൻഡ് എയർപോർട്ട് അതോറിറ്റിയുടെ സുരക്ഷാവിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്നു സമൻ.