Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവാസ് ഷരീഫിനും മകൾക്കും ജയിലിൽ ബി ക്ലാസ് സൗകര്യം

Nawaz-Sharif-Maryam-Nawaz.jpg.image.784.410

ഇസ്‌ലാമാബാദ്∙ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻപ്രധാനമന്ത്രി നവാസ് ഷരീഫും (68) മകൾ മറിയവും (44) റാവൽപിണ്ടി അട്യാല ജയിലിൽ കഴിഞ്ഞ രാത്രി ചെലവഴിച്ചതു ‘ബി’ ക്ലാസ് സൗകര്യത്തിൽ. 

ജയിലിൽ കിടക്ക, കസേര, ചായപ്പാത്രം, ഷെൽഫ്, തുടങ്ങിയ സൗകര്യങ്ങൾ ഇരുവർക്കും ലഭിക്കും. ജയിൽ അധികൃതരുടെ അനുമതിയോടെ സ്വന്തം ചെലവിൽ ടിവി, എയർകണ്ടീഷനർ, ഫ്രിഡ്ജ് തുടങ്ങിയവയും ഉപയോഗിക്കാം. 

വെള്ളിയാഴ്ച രാത്രി ലഹോർ വിമാനത്താവളത്തിലിറങ്ങിയ മുൻപ്രധാനമന്ത്രിയെയും മകളെയും അറസ്റ്റ് ചെയ്ത് അതീവ സുരക്ഷയുള്ള റാവൽപിണ്ടിയിലെ അട്യാല ജയിലിലേക്കു കൊണ്ടുപോകുകയായിരുന്നു. വിദ്യാസമ്പന്നരായവരെയാണ് എ, ബി ക്ലാസ് തടവുകാരായി പരിഗണിക്കുക. ഇവർ വിദ്യാഭ്യാസമില്ലാത്ത മറ്റു തടവുകാർക്കു പാഠങ്ങൾ പറഞ്ഞുകൊടുക്കണം. കായികാദ്ധ്വാനം ആവശ്യമില്ല. 

ഇസ്‌ലാമാബാദ് മജിസ്ട്രേട്ടിന്റെയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഒരു സംഘം ഡോക്ടർമാർ ഇരുവരെയും പരിശോധിച്ച് ആരോഗ്യനില ഭദ്രമാണെന്നു റിപ്പോർട്ട് നൽകിയശേഷമാണു ജയിലിലേക്ക് അയച്ചത്. 

അതേ സമയം, മുൻപ്രധാനമന്ത്രിയെയും മകളെയും അറസ്റ്റിനുശേഷം എവിടെ പാർപ്പിക്കുമെന്നതു സംബന്ധിച്ച് പാക്ക് അധികൃതർക്കുണ്ടായ ആശയക്കുഴപ്പം ഇന്നലെ പാക്ക് മാധ്യമങ്ങൾ പ്രധാനവാർത്തയാക്കി. റാവൽപിണ്ടിയിലെ സിഹാല പൊലീസ് ട്രെയിനിങ് കോളജ് റസ്റ്റ് ഹൗസ് ഇരുവരെയും പാർപ്പിക്കാനായി സബ് ജയിൽ ആയി പ്രഖ്യാപിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഷരീഫിനെ അട്യാല ജയിലിലും മകൾ മറിയത്തെ റസ്റ്റ് ഹൗസിലുമാണു താമസിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്. 

നവാസ് ഷരീഫിനെതിരായ മറ്റ് രണ്ട് അഴിമതിക്കേസുകളിൽ വിചാരണ ഇനി അട്യാല ജയിലിലാണു നടക്കുക. അനധികൃത സമ്പാദ്യം ഉപയോഗിച്ചു ലണ്ടനിൽ ഫ്ലാറ്റുകൾ സ്വന്തമാക്കിയെന്ന കേസിൽ നവാസ് ഷരീഫിനു 10 വർഷം തടവാണു കോടതി വിധിച്ചത്. മകൾ മറിയത്തിന് ഏഴുവർഷവും. കഴിഞ്ഞവർഷമാണു പാനമ അഴിമതിക്കേസുകളിൽ സുപ്രീം കോടതി നവാസ് ഷരീഫിനെ അയോഗ്യനാക്കിയത്.   

അതിനിടെ, നവാസ് ഷരീഫിനെ പിന്തുണച്ചു റാലി നടത്തിയതിന്റെ പേരിൽ 1500 പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ) പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാർട്ടി അധ്യക്ഷനുമായ ഷഹ്‌ബാസ് ഷരീഫ്, മുൻപ്രധാനമന്ത്രി ഷാഹിദ് ഖകാൻ അബ്ബാസി അടക്കം 20 നേതാക്കളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.