Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലകയറ്റം, ഗുഹാ ഗവേഷണം; എന്നുമോർമിക്കാൻ തായ് ദൗത്യം

Thailand rescued children രക്ഷകനു കണ്ണീർപ്രണാമം... തായ‍്‌ലൻഡ് ഗുഹയിൽ നിന്നു രക്ഷിക്കപ്പെട്ട വൈൽഡ് ബോർസ് ഫുട്ബോൾ ടീമംഗങ്ങളും പരിശീലകനും തങ്ങളെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ മരണത്തിനു കീഴടങ്ങിയ രക്ഷാപ്രവർത്തകൻ സമൻ കുനോന്തിന്റെ ചിത്രവുമായി ചിയാങ് റായിയിലെ ആശുപത്രിയിൽ. സമനു വേണ്ടി പ്രത്യേക പ്രാർഥന നടത്തിയ കുട്ടികൾ എല്ലാവരും ചിത്രത്തിൽ കയ്യൊപ്പു വയ്ക്കുകയും ചെയ്തു. 17 ദിവസം നീണ്ട രക്ഷാപ്രവർത്തനത്തിന്റെ ഏക രക്തസാക്ഷിയാണു സമൻ.

മായ് സായ് (തായ്‌ലൻഡ്)∙ ഗുഹകളുടെ രാവണൻകോട്ട. അതായിരുന്നു താം ലുവാങ്. പെരുമഴയത്ത് അതിനുള്ളിൽ കുടുങ്ങിയ 12 കുട്ടികൾക്കും ഫുട്ബോൾ പരിശീലകനും പുറത്തേക്കു വഴിയൊരുക്കുകയെന്ന ദുഷ്കരദൗത്യത്തിൽ പങ്കെടുത്ത സിംഗപ്പൂരുകാരൻ പോഹ് കോക് വീ (57)യുടെ വൈദഗ്ധ്യം മലകയറ്റത്തിലാണ്. അതുകൊണ്ടുതന്നെ ഗുഹയുടെ മറ്റു കവാടങ്ങൾ കണ്ടെത്തി രക്ഷാമാർഗം തേടുകയെന്ന ദൗത്യമായിരുന്നു വീയുടെ സംഘത്തിനു ലഭിച്ചത്. ഇതിനായി നൂറുമീറ്റർ വരെ ഉയരത്തിൽ വലിഞ്ഞുകയറി.

ബാങ്കോക്കിൽ അംബര ചുംബികളിൽ സൈൻ ബോർഡുകളും സോളർ പാനലുകളും സ്ഥാപിക്കുന്ന ബിസിനസാണ് പോഹിന്റേത്. തായ് പൊലീസിന്റെ ദ്വിഭാഷിയുമാണ്. അന്വേഷണത്തിലും കുറ്റവാളികളെ ചോദ്യം ചെയ്യുന്നതിലും മറ്റും പൊലീസുമായി സഹകരിക്കാൻ അവസരം ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിന് രക്ഷാദൗത്യത്തിൽ പങ്കു ചേരാനുള്ള ഭാഗ്യവും ഈ പരിചയം മൂലം വന്നു ചേർന്നതാണ്. രക്ഷാദൗത്യത്തോടെ ലോകശ്രദ്ധയിലെത്തിയ ഗുഹ ഇനി ടൂറിസ്റ്റ് കേന്ദ്രമായേക്കാം. അതുകൊണ്ടു തന്നെ രൂപരേഖ തയാറാക്കുന്ന തിരക്കിലാണു വിദഗ്ധർ.