Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്യൂണിസം വിട്ട് തനതു സോഷ്യലിസത്തിന് ഊന്നൽ; ക്യൂബ പഴയ ക്യൂബയല്ല

cuba-flag-3col

ഹവാന∙ കാലം മാറിയതിന്റെ സൂചനകളുമായി ക്യൂബ. കമ്യൂണിസം പടുത്തുയർത്തുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിൽനിന്നു വഴിമാറി പുതിയ ഭരണഘടനയുടെ കരടിനു രൂപം നൽകി. കമ്യൂണിസത്തിനു പകരം ക്യൂബയ്ക്ക് അനുയോജ്യമായ സോഷ്യലിസത്തിനാണ് ഊന്നൽ. കമ്യൂണിസ്റ്റ് പാർട്ടി ഈ ലക്ഷ്യം കൈവരിക്കാനുള്ള ചാലകശക്തിയായി തുടരും. 

സ്വകാര്യസ്വത്തവകാശവും സ്വവർഗ വിവാഹവും അംഗീകരിക്കും. സ്വകാര്യസ്വത്തവകാശത്തെ മുതലാളിത്തത്തിന്റെ ആണിക്കല്ലെന്നാണ് കമ്യൂണിസ്റ്റ് തത്വശാസ്ത്രം വിശേഷിപ്പിക്കാറുള്ളത്. 

1976 ലെ ഭരണഘടനയിൽ ‘കമ്യൂണിസ്റ്റ് സമൂഹം പടുത്തുയർത്തുകയാണ് ആത്യന്തികലക്ഷ്യ’മെന്നു പറയുന്ന ഉപവാക്യം ഒഴിവാക്കിയുള്ളതാണു പുതിയ ഭരണഘടന. പ്രധാനമന്ത്രിയെന്ന പദവിയും സൃഷ്ടിക്കും. മന്ത്രിസഭാതലവനായി പ്രസിഡന്റിനായിരിക്കില്ല ഇനി അധികാരം. 60 വയസ്സിൽ താഴെയുള്ളവർക്കു മാത്രമായിരിക്കും പ്രസിഡന്റാകാനാകുക. അഞ്ചു വർഷം വീതം രണ്ടു തവണ മാത്രം അധികാരത്തിലിരിക്കാം. 

നാഷനൽ അസംബ്ലിയിൽ ചർച്ചയ്ക്കു ശേഷം പുതിയ ഭരണഘടനയുടെ കരടിനെക്കുറിച്ചു ജനാഭിപ്രായം തേടും. തുടർന്ന് അന്തിമ രേഖ ഹിതപരിശോധനയ്ക്കു വിടും. 

പുതിയ ഭരണഘടനയുടെ കരട് അവതരിപ്പിച്ചതിനൊപ്പം ക്യൂബയിലെ പുതിയ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കാനൽ തന്റെ മന്ത്രിസഭയെയും പ്രഖ്യാപിച്ചു. 

ഭരണഘടനാ വിപ്ലവം, കാസ്ട്രോ യുഗാനന്തരം

കാസ്ട്രോ യുഗത്തിനു തിരശീല വീണതിനു പിന്നാലെയാണു സോവിയറ്റ് കാലത്തെ ഭരണഘടന ക്യൂബ മാറ്റിയെഴുതുന്നത്. ക്യൂബൻ വിപ്ലവ ഇതിഹാസം ഫിഡൽ കാസ്ട്രോയുടെ ആറു പതിറ്റാണ്ടു നീണ്ട ഭരണത്തിനു ശേഷം അദ്ദേഹത്തിന്റെ അനുജൻ റൗൾ കാസ്ട്രോ രാജ്യത്തെ നയിച്ചു. 86 വയസ്സുള്ള റൗൾ ഏപ്രിലിൽ, തന്റെ വിശ്വസ്തനായ മിഗ്വേൽ ഡിയാസ് കാനലിനു ഭരണം കൈമാറിയെങ്കിലും 2021 വരെ പാർട്ടി അധ്യക്ഷനായി തുടരും. ഭരണഘടനാ പരിഷ്കാര കമ്മിഷൻ അധ്യക്ഷനും റൗളാണ്.

യുഗപ്രഭാവം

സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ക്യൂബ ഒരു പുതിയ യുഗത്തിലേക്കു പ്രവേശിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണു നാഷനൽ അസംബ്ലി അധ്യക്ഷൻ എസ്തബാൻ ലാസോയുടെ നിലപാട്. സോഷ്യലിസത്തിൽ ഊന്നൽ വരുന്നതോടെ ആദർശം ഉപേക്ഷിക്കുകയാണെന്നർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സോഷ്യലിസ്റ്റ്, സ്വയംഭരണാധികാര, സ്വതന്ത്ര, ക്ഷേമ, സുസ്ഥിര’ രാജ്യമാണു ലക്ഷ്യം.