Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ ‘ഇടപെടാൻ’ ഫെയ്സ്ബുക്കിൽ വീണ്ടും വ്യാജന്മാർ

Facebook logo

വാഷിങ്ടൻ ∙ നവംബറിൽ യുഎസിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാനുള്ള രാഷ്ട്രീയപ്രചാരണ ശ്രമങ്ങൾ ഫെയ്സ്ബുക്കിൽ കണ്ടെത്തിയതായി ഫെയ്സ്ബുക് അധികൃതർ. ഈ ലക്ഷ്യം വച്ച് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും തുടങ്ങിയ 32 പേജുകൾ/അക്കൗണ്ടുകൾ നീക്കം ചെയ്തതായി അവർ അറിയിച്ചു. ഡോണൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ട 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫെയ്സ്ബുക്കും അതിൽനിന്നു ചോർത്തിയ വിവരങ്ങളും പ്രചാരണത്തിന് ഉപയോഗപ്പെടുത്തിയിരുന്നു. ഫെയ്സ്ബുക് വിവരച്ചോർച്ച ലോകമെങ്ങും വലിയ വിവാദമാവുകയും കേസുകൾക്കു കാരണമാവുകയും ചെയ്തു. വിവരചോർച്ചയ്ക്കെതിരെ കർശനനടപടികൾ സ്വീകരിച്ചു വരികയാണ് തങ്ങളെന്നാണു ഫെയ്സ്ബുക് അവകാശപ്പെടുന്നത്.

2016 ലുണ്ടായതു പോലെ ഇത്തവണയും ഫെയ്സ്ബുക് പ്രചാരണത്തിൽ റഷ്യൻ ഇടപെ‍ടലുണ്ടെന്നു സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിയിലെ ഡമോക്രാറ്റ് അംഗമായ മാർക് വാർണർ പറഞ്ഞു. എന്നാൽ, പ്രചാരണശ്രമങ്ങൾക്കു 2016 ലേതുമായി ഏറെ സാമ്യമുണ്ടെങ്കിലും റഷ്യയുമായി ബന്ധിപ്പിക്കാൻ മതിയായ തെളിവില്ലെന്നാണ് യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ നിലപാട്. 2016 ൽ ഡോണൾഡ് ട്രംപിന് അനുകൂലമായി ഫെയ്സ്ബുക്കിൽ പ്രചാരണം നടത്തിയതിന് 13 റഷ്യക്കാരുടെയും റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലുള്ള ഇന്റർനെറ്റ് ഗവേഷണ സ്ഥാപനത്തിന്റെയും മേൽ യുഎസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ആരോപണം റഷ്യ നിഷേധിക്കുകയാണ്.

പഠിപ്പുര വാതിൽ

നവംബറിൽ യുഎസ് ‘ഇടക്കാല’ തിരഞ്ഞെടുപ്പ് ട്രംപ് ഭരണത്തിന്റെ ഹിതപരിശോധനയാകും യുഎസ് പാർലമെന്റ് തിരഞ്ഞെടുപ്പ്, 36 സംസ്ഥാനങ്ങളിലെ ഗവർണർ തിരഞ്ഞെടുപ്പ് എന്നിവയാണു നവംബറിലെ ആദ്യ ചൊവ്വാഴ്ച (നവംബർ 6) നടക്കുന്നത്. പാർലമെന്റിന്റെ (കോൺഗ്രസ്) അധോസഭയായ ജനപ്രതിനിധി സഭയിലെ മുഴുവൻ സീറ്റിലേക്കും (435) ഉപരിസഭയായ സെനറ്റിലെ 33 സീറ്റിലേക്കുമാണു തിരഞ്ഞെടുപ്പ്. യുഎസ് പ്രസിഡന്റിന്റെ കാലാവധിയുടെ പകുതിയിൽ നടക്കുന്നതിനാൽ ഇടക്കാല തിരഞ്ഞെടുപ്പെന്ന് അറിയപ്പെടുന്നു. ഇതിന്റെ ഫലം പ്രസിഡന്റിന്റെ അധികാരത്തെയോ കാലാവധിയെയോ ബാധിക്കില്ലെങ്കിലും ജനസമ്മതിയുടെ ഹിതപരിശോധനയായി വിലയിരുത്തപ്പെടും.