Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആണവപദ്ധതിയുമായി ഉത്തരകൊറിയ മുന്നോട്ടെന്ന് യുഎൻ റിപ്പോർട്ട്

North-Korea-Nuclear-Weapon

ന്യൂയോർക്ക് ∙ ആണവ–മിസൈൽ പദ്ധതികളുമായി ഉത്തരകൊറിയ മുന്നോട്ടുതന്നെയെന്ന് ഐക്യരാഷ്ട്ര സംഘടന(യുഎൻ)യുടെ റിപ്പോർട്ട്. ഉപരോധത്തെ കടൽമാർഗമുള്ള കടത്തിലൂടെ ഉത്തരകൊറിയ ഫലപ്രദമായി പ്രതിരോധിക്കുന്നതായും യുഎൻ വിദഗ്ധർ രക്ഷാസമിതിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഉരുക്ക് വിറ്റു കഴിഞ്ഞ ഒക്ടോബർ മുതൽ മാർച്ച് വരെ നൂറുകോടിയോളം രൂപ സമ്പാദിച്ചു. 40 എണ്ണക്കപ്പലുകൾ ഉപയോഗിച്ച് അഞ്ചുലക്ഷം ബാരൽ അസംസ്കൃത എണ്ണ ജനുവരി–മേയ് കാലയളവിൽ ഉത്തരകൊറിയ സമാഹരിച്ചു.

അതേസമയം, സമ്പൂർണ ഉപരോധമെന്ന സമ്മർദവുമായി അമേരിക്ക അപകടകരമായ അക്ഷമയാണു പ്രകടിപ്പിക്കുന്നതെന്ന് ഉത്തരകൊറിയ ആരോപിച്ചു. ആസിയാൻ പ്രാദേശിക ഫോറത്തിലാണ് ഉത്തരകൊറിയയുടെ വിദേശകാര്യമന്ത്രി റി യോങ് ഹോ യുഎൻ റിപ്പോർട്ടിനെതിരെ പ്രതികരിച്ചത്. അമേരിക്കയുടെ രാഷ്ട്രത്തലവൻ പറയുന്നതല്ല രാജ്യം നടപ്പാക്കുന്നതെന്നാണു വിമർശനം.

ഉപരോധത്തിൽ വെള്ളം ചേർത്ത് ഉത്തരകൊറിയയെ സഹായിക്കുന്ന റഷ്യയുടെയും ചൈനയുടെയും നടപടിയെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വിമർശിച്ചു. ദല്ലാളന്മാർ വഴി ഉത്തരകൊറിയ ലിബിയയിലും യെമനിലും സുഡാനിലും ആയുധവിൽപന നടത്തുന്നതായും ആരോപിച്ചു.