Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഡുറോ വധശ്രമം: ആറു പേർ അറസ്റ്റിൽ

nicolas-maduro

കാരക്കസ്∙ വെനസ്വേല പ്രസിഡന്റ് നിക്കൊളാസ് മഡുറോയ്ക്കു നേരെ ഡ്രോൺ ഉപയോഗിച്ചുണ്ടായ വധശ്രമക്കേസിൽ ആറു പേർ അറസ്റ്റിൽ. 2017ൽ പട്ടാള കേന്ദ്രത്തിലുണ്ടായ ആക്രമണത്തിലെ പ്രതിയാണ് ഇവരിൽ ഒരാളെന്നും മറ്റൊരാൾ 2014ൽ സർക്കാർ വിരുദ്ധ പ്രകടനങ്ങളിൽ പങ്കെടുത്തിട്ടുള്ളയാളാണെന്നും ആഭ്യന്തരമന്ത്രി നെസ്റ്റർ റെവറോൾ പറഞ്ഞു. ആറുമാസമായി ഈ സംഘം മഡുറോയ്ക്കെതിരായ ആക്രമണത്തിനു തയാറെടുക്കുകയായിരുന്നുവെന്ന് വാർത്താവിനിമയ മന്ത്രി ജോർജ് റോഡ്രിഗ്സ് അറിയിച്ചു.

കരാക്കസിൽ സൈനിക പരേഡിനെ അഭിസംബോധന ചെയ്തു മഡുറോ പ്രസംഗിക്കുന്നതിനിടെയാണ് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ വീണു പൊട്ടിത്തെറിച്ചത്. യുഎസും കൊളംബിയയിലെ തീവ്ര വലതുപക്ഷവും ആണ് വധശ്രമത്തിനു പിന്നിലെന്നു മഡുറോ ആരോപിച്ചിരുന്നു. ‘ടീ ഷർട്ടണിഞ്ഞ സൈനികർ’ എന്നു പേരുള്ള ഒരു സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ആക്രമണമുണ്ടായ ഉടൻ വധശ്രമമാണെന്നും പിന്നിൽ പ്രവർത്തിച്ചവർക്കു മാപ്പു നൽകില്ലെന്നും മഡുറോ നേരിട്ടു പ്രഖ്യാപിച്ചതോടെ, പ്രതിപക്ഷത്തിനും വിമർശകർക്കുമെതിരെയുള്ള കടുത്ത നടപടികൾക്കു പ്രസിഡന്റ് തുനിഞ്ഞേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.