Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാനെതിരെ വീണ്ടും കടുത്ത യുഎസ് ഉപരോധം; ഒന്നാം ഘട്ട ഉപരോധം നിലവിൽ വന്നു

US-IRAN-NUCLEAR-DIPLOMACY-TRUMP

വാഷിങ്ടൻ∙ ഇറാനു മേൽ കടുത്ത ഉപരോധവുമായി യുഎസ് വീണ്ടും. 2015ൽ ഇറാനുമായി ആണവക്കരാർ ഒപ്പുവയ്ക്കുന്നതിനു മുൻപു നിലവിലിരുന്ന ഉപരോധമാണ് യുഎസ് ഏകപക്ഷീയമായി നടപ്പാക്കുന്നത്. ബ്രിട്ടൻ, ചൈന, ഫ്രാൻസ്, ജർമനി, റഷ്യ, യൂറോപ്യൻ യൂണിയൻ എന്നിവയും കരാറിൽ ഒപ്പുവച്ചിരുന്നെങ്കിലും ഈ രാജ്യങ്ങളുടെ എതിർപ്പ് കണക്കിലെടുക്കാതെ മേയ് എട്ടിനു യുഎസ് ഏകപക്ഷീയമായി കരാറിൽ നിന്നു പിന്മാറുകയായിരുന്നു. യുഎസ് കറൻസി, കാർ ഉൽപാദകരടക്കമുള്ള വൻകിട വ്യവസായ മേഖലകൾ എന്നിവ ഇറാന് അപ്രാപ്യമാകുന്നതും കാര്യമായ സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കാത്തതുമായ ഒന്നാം ഘട്ട ഉപരോധമാണ് ഇന്നലെ നിലവിൽ വന്നത്.

എണ്ണവിൽപന വിലക്കുന്ന നടപടി ഉൾപ്പെടെ രണ്ടാം ഘട്ട ഉപരോധം നവംബർ അഞ്ചിനു തുടങ്ങും. ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതു പൂർണമായി നിർത്തില്ലെന്ന് ഇന്ത്യ, ചൈന, തുർക്കി തുടങ്ങിയ രാജ്യങ്ങൾ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. കരാറിൽ നിന്നു പിൻവാങ്ങുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച നാൾ മുതൽ അതിന്റെ പ്രത്യാഘാതം അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. ഇറാന്റെ കറൻസിയായ റിയാലിന്റെ മൂല്യം പകുതിയായി കുറഞ്ഞു. ഇറാനിൽ ബിസിനസ് നടത്തുന്ന സ്ഥാപനങ്ങളൊന്നും പിന്നെ യുഎസിൽ ബിസിനസ് നടത്തില്ലെന്ന ട്രംപിന്റെ ഭീഷണി ഭയന്നു യൂറോപ്യൻ കമ്പനികൾ ഇറാൻ വിടുകയാണ്. രാജ്യത്തിനുള്ളിൽ സംഘർഷം രൂപപ്പെട്ടുവരുന്നതായും ജലക്ഷാമം, വിലക്കയറ്റം, ഭരണത്തോടുള്ള അമർഷം തുടങ്ങിയവയുടെ പേരിൽ പ്രതിഷേധവും സമരവും പതിവായെന്നുമാണു റിപ്പോർട്ട്.

വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനു കടുത്ത വിലക്കുള്ളതിനാൽ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വിവരങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തന്നെ കരാറിനെ പുച്ഛിച്ചുതള്ളിയിരുന്ന ട്രംപ് കഴിഞ്ഞ ദിവസവും അത് ആവർത്തിച്ചു. ഇറാൻ അണുബോംബ് സ്വന്തമാക്കുന്നത് എല്ലാ വിധത്തിലും തടയുകയെന്ന ലക്ഷ്യം നേടുന്നതിൽ ഏകപക്ഷീയമായ കരാർ പരാജയപ്പെട്ടെന്നായിരുന്നു ട്രംപിന്റെ ആക്ഷേപം. ഇറാന്റെ ഭീഷണികൾക്കു സമഗ്രവും ശാശ്വതവുമായ പരിഹാരം കണ്ടെത്താനാണ് ഉപരോധം. ഭീകരസംഘടനകൾക്കുള്ള പിന്തുണ, മിസൈൽ പദ്ധതി എന്നിവയെല്ലാം ഉൾപ്പെട്ട പുതിയൊരു സമഗ്ര കരാറിന് യുഎസ് തയാറാണെന്നും ട്രംപ് പറഞ്ഞു.

പുതിയ കരാറിനായുള്ള ട്രംപിന്റെ വാദം ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി തള്ളിക്കളഞ്ഞു. കത്തിയെടുത്തു കുത്തിയിട്ടു ചർച്ച നടത്താമെന്നു പറയുന്ന ശത്രു ആദ്യം ചെയ്യേണ്ടതു കത്തി കളയുകയെന്നതാണെന്നായിരുന്നു റൂഹാനിയുടെ പ്രതികരണം. ഇതിനിടെ, ഉപരോധം ഏർപ്പെടുത്തിയതിനെ ഇസ്രയേൽ പിന്തുണച്ചു. കരാറിൽ ഒപ്പുവച്ച ഇതര രാജ്യങ്ങൾക്കു ട്രംപിന്റെ ഏകപക്ഷീയമായ നിലപാടുകളോടു വിയോജിപ്പുണ്ടെന്നു യൂറോപ്യൻ യൂണിയൻ നയതന്ത്ര മേധാവി ഫെഡറിക്ക മൊഗെരിനി വ്യക്തമാക്കി. ഇറാനുമായി നിയമാനുസൃത ബിസിനസിൽ ഏർപ്പെടുന്നവരുടെ താൽപര്യം സംരക്ഷിക്കുമെന്നും ഫെഡറിക്ക പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.