Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരസ്യ വോട്ട്: തിരഞ്ഞെടുപ്പു കമ്മിഷന് ഇമ്രാൻഖാൻ മാപ്പപേക്ഷ നൽകി

Imran Khan

ഇസ്‌ലാമാബാദ് ∙ പരസ്യ വോട്ട് രേഖപ്പെടുത്തി വോട്ടിങ് സമ്പ്രദായത്തിന്റെ രഹസ്യസ്വഭാവം ലംഘിക്കാനിടയായതിൽ പാക്കിസ്ഥാനിലെ നിയുക്ത പ്രധാനമന്ത്രി ഇമ്രാൻഖാൻ തിരഞ്ഞെടുപ്പു കമ്മിഷനു രേഖാമൂലം മാപ്പപേക്ഷ നൽകി. ചട്ടലംഘനത്തിന്റെ പേരിൽ ഇമ്രാൻഖാനു തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ നോട്ടിസ് ഇതിന്റെ അടിസ്ഥാനത്തിൽ പിൻവലിച്ചേക്കും. അടുത്തയാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യേണ്ട ഇമ്രാൻഖാൻ നൽകിയ മാപ്പപേക്ഷ സ്വീകരിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ തത്വത്തിൽ തീരുമാനിച്ചു. കമ്മിഷൻ അംഗങ്ങളിൽ മൂന്നുപേർ ഇമ്രാൻഖാന് അനുകൂലമായ നിലപാടെടുത്തപ്പോൾ ഒരാൾ എതിർത്തു. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ റിട്ട. ജസ്റ്റിസ് സർദാർ മുഹമ്മദ് റാസയാണ് എതിർത്തതെന്നു ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.

തിരഞ്ഞെടുപ്പുചട്ടം അനുസരിച്ച് വോട്ടിങ്ങിന്റെ രഹസ്യസ്വഭാവം ലംഘിക്കുന്ന ആൾക്ക് ആയിരം രൂപ പിഴയോ ആറുമാസം തടവോ നൽകണം. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ മാപ്പപേക്ഷ സ്വീകരിച്ച് പ്രശ്നം ഒതുക്കി തീർക്കാനാണു സാധ്യതയെന്നും പത്രം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പു ദിവസം ഇസ്‌ലാമാബാദ് മണ്ഡലത്തിലെ പോളിങ് ബൂത്തിൽ ഇമ്രാൻഖാൻ മറയ്ക്കു പിന്നിലേക്കു പോകാതെ പരസ്യമായി ബാലറ്റിൽ വോട്ട് രേഖപ്പെടുത്തിയ സംഭവം ശ്രദ്ധയിൽ പെട്ടതോടെ ഇമ്രാൻഖാന്റെ വിജയപ്രഖ്യാപനം തടഞ്ഞിരുന്നു. മൽസരിച്ച അഞ്ചു മണ്ഡലങ്ങളിലും വിജയിച്ചെങ്കിലും ഇമ്രാനു പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക അനുമതി‌യാണു നൽകിയത്.

related stories