Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൾശേഷി കുറഞ്ഞിട്ടും ആക്രമണത്തിനു തക്കം പാർത്ത് അൽ ഖായിദ

ന്യൂയോർക്ക് ∙ അൽ ഖായിദ തലവൻ അയ്മൻ അൽ സവാഹിരി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രവർത്തനങ്ങൾക്കായി 2014ൽ സ്ഥാപിച്ച ഘടകം ഇപ്പോഴും ആക്രമണങ്ങൾ നടത്താൻ അവസരം കാത്തിരിക്കുന്നതായി യുഎൻ സമിതി. ശക്തമായ സുരക്ഷാസന്നാഹങ്ങളും ആൾശേഷിക്കുറവും മൂലം ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ ഈ ഘടകം. എങ്കിലും അസിം ഉമറിന്റെ നേതൃത്വത്തിലുള്ള സംഘം സുരക്ഷാസംവിധാനത്തിലെ പാളിച്ചയ്ക്കായി കാത്തിരിക്കുകയാണ്. ഇന്ത്യക്കാരനും ഹർക്കത്തുൽ ജിഹാദ് അൽ ഇസ്‌ലാമി മുൻ അംഗവുമാണ് അസിം.

അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ താവളങ്ങൾ ഉള്ളതിനാൽ ഇന്ത്യയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാമെന്ന പ്രതീക്ഷയിലാണു സവാഹിരി ഈ ഘടകം രൂപീകരിച്ചത്. എന്നാൽ അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ കാര്യമായ അംഗബലമില്ല. ഇസ്‌ലാമിക് സ്റ്റേറ്റ് കശ്മീരിൽ ഒരു ആക്രമണം നടത്തിയതായി പറയുന്നുണ്ടെങ്കിലും അതു സംബന്ധിച്ച വിശദാംശങ്ങളൊന്നും റിപ്പോർട്ടിലില്ല.