Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘രണ്ടു തരം അധികാരികൾ’; വൈറലായി ദുബായ് ഭരണാധികാരിയുടെ ട്വീറ്റ്

sheikh-mohammed-bin-rashid-al-maktoum-tweet ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; അദ്ദേഹത്തിന്റെ ട്വീറ്റും സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ഇംഗ്ലിഷ് പരിഭാഷയും

ദുബായ്∙ ജനജീവിതം മെച്ചപ്പെടുത്തുന്നവരും ദുഷ്കരമാക്കുന്നവരുമായ രണ്ടു തരം ഭരണാധികാരികളെക്കുറിച്ച് യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ട്വിറ്ററിൽ കുറിച്ച വരികൾ വൻ ചർച്ചയായി. ഭരണാധികാരി എന്ന നിലയിൽ താൻ പഠിച്ച പാഠങ്ങളെക്കുറിച്ച് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ആണ് അറബിക് ഭാഷയിൽ അദ്ദേഹം ട്വീറ്റ് ചെയ്തത്. 

ട്വീറ്റിന്റെ ചുരുക്കം ഇങ്ങനെ:

‘രണ്ടുതരം അധികാരികളാണുള്ളത്. ആദ്യത്തെ കൂട്ടർ നന്മയുടെ താക്കോലുകളാണ്. അവർ ജനങ്ങളെ സേവിക്കാൻ ഇഷ്ടപ്പെടുന്നു. ജനജീവിതം സുഗമമാക്കുന്നതാണ് അവരുടെ സന്തോഷം. ജനജീവിതം മെച്ചപ്പെടുത്താൻ അവർ പ്രയത്നിക്കുന്നു. അവർ വാതിലുകൾ തുറക്കുന്നു, പ്രശ്നപരിഹാരങ്ങൾ നിർദേശിക്കുന്നു. ജന നൻമയ്ക്കായി അവർ എപ്പോഴും കാര്യങ്ങൾ അന്വേഷിച്ചു ചെയ്യുന്നു. രണ്ടാമത്തെ കൂട്ടർ എല്ലാത്തിനെയും മോശമായി വിലയിരുത്തുന്നവരാണ്. ലളിതമായി പരിഹരിക്കാവുന്ന പ്രശ്നങ്ങളെ അവർ സങ്കീർണമാക്കുന്നു. ജനങ്ങളെപ്പോഴും തങ്ങളെ കാത്ത് വീട്ടുപടിക്കലും മേശയ്ക്കരികിലും നിൽക്കുന്നതാണ് അവരുടെ സന്തോഷം. ആദ്യത്തെ കൂട്ടർ ഏറുന്നിടത്താണു രാജ്യങ്ങളും സർക്കാരുകളും വിജയിക്കുന്നത്.’

പ്രളയമുണ്ടായപ്പോൾ കേരളത്തെ സഹായിക്കണമെന്നാവശ്യപ്പെട്ടു മലയാളത്തിൽ ഉൾപ്പെടെ ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തിരുന്നു. കേരളത്തെ സഹായിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാനും നിർദേശം നൽകി. അദ്ദേഹത്തിന്റെ ട്വീറ്റിനു പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞിരുന്നു. അറബ് ലോകത്തു സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽപേർ പിന്തുടരുന്ന നേതാവാണു ഷെയ്ഖ് മുഹമ്മദ്.

യുഎഇ സ്ഥാനപതി കേരളത്തിലേക്ക്

ന്യൂഡൽഹി∙ യുഎഇയുടെ ഇന്ത്യൻ സ്ഥാനപതി അടുത്തയാഴ്ച കേരളത്തിലെത്തും. കേരളത്തിന് യുഎഇ 700 കോടി രൂപ സഹായം പ്രഖ്യാപിച്ചെന്നും ഇല്ലെന്നുമുള്ള ചർച്ചകൾക്കിടെയാണ് യുഎഇ അംബാസഡർ അഹമ്മദ് അൽ ബന്നയുടെ സന്ദർശനം. ദുരിതബാധിതരോടും സന്നദ്ധപ്രവർത്തനം നടത്തിയ സംഘടനകളോടും ആശയവിനിമയം നടത്തിയശേഷം സർക്കാർ പ്രതിനിധികളുമായും ചർച്ച നടത്തിയേക്കും. യുഎഇ ഭരണാധികാരിയുടെ നിർദേശപ്രകാരമാണു സ്ഥാനപതി കേരളത്തിൽ എത്തുന്നതെന്നാണു വിവരം.