കുട്ടികളുടെ കാഴ്ച പ്രശ്നം: ചൈനയിൽ വിഡിയോ ഗെയിം നിയന്ത്രണം

ഷാങ്‍ഹായ് ∙ അമിതമായ വിഡിയോ ഗെയിം മൂലം കുട്ടികളിൽ വർധിക്കുന്ന ഹ്രസ്വദൃഷ്ടി തടയാൻ ഓൺലൈൻ ഗെയിമുകൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തി ചൈനീസ് സർക്കാർ. ഇതോടെ രാജ്യത്തെ വിഡിയോ ഗെയിം കമ്പനികളുടെ ഓഹരി നിലവാരം ഇടിഞ്ഞു. കുട്ടികളുടെ കാഴ്ചശക്തി സംരക്ഷിക്കുന്നതിനുള്ള ്രപധാന നിർദേശമെന്ന നിലയിലാണു പ്രസിഡന്റ് ഷി ചിൻപിങ് നിയന്ത്രണം കൊണ്ടുവന്നത്. നിലവിലുള്ള ഗെയിമുകളുടെ കണക്കെടുക്കുന്നതിനു പുറമേ പുതിയ ഗെയിം ഇറക്കുന്നതിനും ശക്തമായ നിയന്ത്രണമുണ്ടാകും.

ഇറക്കുമതി ചെയ്യുന്ന വിഡിയോ ഗെയിമുകൾക്കു ചൈന ഫെബ്രുവരി മുതൽ അംഗീകാരം നൽകിയിരുന്നില്ല. രാജ്യത്തെ കമ്പനികൾക്കു മേയ് മുതൽ പുതിയ ലൈസൻസുകൾ നൽകുന്നുമില്ല. കാഴ്ചത്തകരാറുകൾ കുട്ടികൾക്കു മാനസികവും ശാരീരികവുമായ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന റിപ്പോർട്ടുകൾകൂടി പരിഗണിച്ചാണു ചൈനീസ് സർക്കാരിന്റെ നടപടി.