Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനുള്ള 30 കോടി ഡോളറിന്റെ സൈനികസഹായം യുഎസ് റദ്ദാക്കി

Donald Trump, Imran Khan ഡോണൾഡ് ട്രംപ്, ഇമ്രാൻ ഖാൻ

വാഷിങ്ടൻ∙ പാക്കിസ്ഥാനുള്ള 30 കോടി ഡോളറിന്റെ (2130 കോടി രൂപ) സൈനികസഹായം യുഎസ് റദ്ദാക്കുന്നു. പാക്ക് ആസ്ഥാനമായ ഹഖാനി നെറ്റ്‌വർക്, ലഷ്കറെ തയിബ എന്നീ ഭീകരസംഘടനകൾക്കെതിരെ കടുത്ത നടപടി വേണമെന്ന ട്രംപ് ഭരണകൂട നിർദേശം നടപ്പാക്കുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്നു യുഎസ് പ്രതിരോധകാര്യാലയം വ്യക്തമാക്കി. ഇതിനു യുഎസ് കോൺഗ്രസിന്റെ അംഗീകാരം കൂടി വേണം.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ ബുധനാഴ്ച ഇസ്‌ലാമാബാദിൽ പുതിയ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ചർച്ച നടത്താനിരിക്കെയാണ് ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുന്ന നടപടി. ഭീകരസംഘടനകൾക്കെതിരെ കർശന നടപടി സ്വീകരിക്കാത്തതിന്റെ പേരിൽ, കഴിഞ്ഞ ജനുവരിയിൽ 115 കോടി ഡോളറിന്റെ സഹായം യുഎസ് മരവിപ്പിച്ചിരുന്നു. ഇതിന്റെ തുടർനടപടിയാണ് ഇപ്പോഴത്തെ റദ്ദാക്കൽ.

സഖ്യരാജ്യത്തിനു സൈനികസഹായമെന്ന നിലയിൽ നൽകുന്ന 30 കോടി ഡോളർ കൂടി വകമാറ്റുന്നതോടെ ആകെ 80 കോടി ഡോളറിന്റെ (5680 കോടി രൂപ) സഹായമാണ് പാക്കിസ്ഥാനു നഷ്ടമാകുന്നത്. ഭീകരർക്കെതിരെ പാക്കിസ്ഥാൻ ശക്തമായ നടപടിയെടുത്തിട്ടില്ലെന്നു പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് നിലപാടെടുത്തതിനെ തുടർന്നാണ് നേരത്തേ 50 കോടിയുടെ സഹായം റദ്ദായത്.