അരിഞ്ഞുവീഴ്ത്തിയതാണ് ഈ ചിറക്

1. യാസർ അറാഫത്ത് രാജ്യാന്തര വിമാനത്താവളം തകർന്ന നിലയിൽ. 2. വിമാനത്താവളം പ്രതാപകാലത്ത്

ഒന്നാമത്തെ ചിത്രത്തിൽ കാണുന്ന തകർന്നു തരിപ്പണമായ കെട്ടിടം, രണ്ടു പതിറ്റാണ്ടു മുൻപ്, സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആകാശച്ചിറകുകളായിരുന്നു. പലസ്തീനിലെ ആദ്യ വിമാനത്താവളം – യാസർ അറാഫത്ത് രാജ്യാന്തര വിമാനത്താവളം. രണ്ടാമത്തെ ചിത്രം  ആ പ്രതാപകാലത്തേതാണ്. 

1993 സെപ്റ്റംബർ 13ന് ഇസ്രയേലും പലസ്തീൻ വിമോചന സംഘടന (പിഎൽഎം) യും ഒപ്പുവച്ച ആദ്യ സമാധാനക്കരാറായ ‘ഓസ്‌ലോ ഉടമ്പടി’യുടെ ഏറ്റവും തലപ്പൊക്കമുള്ള സ്മാരകം. 

യാസർ അറാഫത്ത് രാജ്യാന്തര വിമാനത്താവളം പ്രതാപകാലത്ത്

1998ൽ ഇതിന്റെ ഉദ്ഘാടനച്ചടങ്ങിന് യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റനും എത്തിയിരുന്നു. ഇന്നിപ്പോൾ, സ്വതന്ത്രരാജ്യമെന്ന പലസ്തീന്റെ സ്വപ്നം പോലെ തകർന്നുകിടക്കുന്നു, പഴയ വിമാനത്താവളം.  ഓസ്‌ലോ കരാർ പ്രകാരമാണ് ഇസ്രയേലിനെ രാജ്യമായി പിഎൽഒയും, പിഎൽഒയെ പലസ്തീൻ ജനതയുടെ പ്രതിനിധിയായി ഇസ്രയേലും അംഗീകരിക്കുന്നത്. ഒന്നാം ഓസ്‍ലോ കരാറിന്റെയും 1995 ലെ രണ്ടാം ഓസ്‍ലോ കരാറിന്റെയും അടിസ്ഥാനത്തിലാണ് മേഖലയിൽ സമാധാനത്തിനായുള്ള ‘ഓസ്‌ലോ പദ്ധതി’ ആരംഭിക്കുന്നത്. 

ഓസ്‌ലോ കരാറിൽ ഒപ്പുവച്ച് ഇസ്രയേൽ പ്രധാനമന്ത്രി ഇസഹാക്ക് റാബിനെ, കരാറിനെ എതിർത്ത ജൂതവംശജൻ വെടിവച്ചു കൊന്നു. ഈ തിരിച്ചടിയെ മറികടന്നാണ് വിമാനത്താവളം തുറന്നത്.  

എന്നാൽ, 2001ൽ വിമാനത്താവളത്തിന്റെ പ്രവർത്തനം നിലച്ചു. ഇസ്രയേൽ ബോംബാക്രമണത്തിൽ റഡാർ സ്റ്റേഷനും കൺട്രോൾ ടവറും തകർന്നു.  ഏഴുലക്ഷം യാത്രക്കാർ വരെ പ്രതിവർഷം കടന്നുപോയിരുന്നു ഈ വിമാനത്താവളത്തിലൂടെ. പലസ്തീൻ എയർലൈൻസിന്റെ ആസ്ഥാനവും ഇവിടെയായിരുന്നു.