Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഫ്ലോറൻസ്’ ദുർബലമായി; യുഎസിലെ കാരലൈനയിൽ പ്രളയദുരിതം

florence ഫ്ലോറൻസ് ചുഴലിക്കാറ്റുമൂലം ഉയർന്ന പ്രളയജലത്തിൽ ഒഴുകി നടക്കുന്ന കാറുകൾ. ഇവയിലൊന്നിന്റെ അപകടസൂചന കാണിക്കുന്ന ലൈറ്റുകൾ കത്തിക്കിടക്കുന്നതും കാണാം. യുഎസ്സിലെ നോർത്ത് കാരലൈനയിലെ വിൽമിങ്ടണിൽ നിന്നുള്ള ദൃശ്യം ചിത്രം:റോയിട്ടേഴ്സ്

വാഷിങ്ടൻ∙ ഫ്ലോറൻസ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പേമാരിയിൽ യുഎസ് സംസ്ഥാനങ്ങളായ നോർത്ത്, സൗത്ത് കാരലൈനകളിൽ പ്രളയം. പ്രകൃതിക്ഷോഭത്തിൽ കൈക്കുഞ്ഞ് അടക്കം അഞ്ചുമരണം. നദികൾ കരകവിഞ്ഞതോടെ തീരമേഖലകളിലെ പട്ടണങ്ങൾ മുങ്ങി. വ്യാപകമായി മരങ്ങൾ കടപുഴകി. അഞ്ചുലക്ഷത്തോളം വീടുകളിൽ വൈദ്യുതി മുടങ്ങി. കനത്ത മഴ വ്യാപക നാശമുണ്ടാക്കിയെങ്കിലും ചുഴലിക്കാറ്റ് ഇന്നലെയോടെ ദുർബലമായി തീരമേഖല കടന്നു. 

നോർത്ത് കാരലൈനയിൽ 4200 വീടുകൾ നശിച്ചു. 157 ക്യാംപുകളിലായി 21,000 പേരെ മാറ്റിപ്പാർപ്പിച്ചു. പ്രളയത്തിൽ കുടുങ്ങിയ നൂറുകണക്കിനാളുകളെ മോചിപ്പിച്ചു. വൈദ്യുതക്കമ്പികൾ വ്യാപകമായി പൊട്ടിവീണതോടെ, പുറത്തിറങ്ങി നടക്കരുതെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 

കഴിഞ്ഞയാഴ്ച യുഎസ് തീരത്തേക്ക് അടുക്കുമ്പോൾ അതീവ അപകടസാധ്യത സൂചിപ്പിക്കുന്ന കാറ്റഗറി 4ൽ ആയിരുന്ന ഫ്ലോറൻസ് ചുഴലിക്കാറ്റ് ക്രമേണ ശക്തി കുറഞ്ഞ് ഇന്നലെയായപ്പോൾ കാറ്റഗറി 1ലേക്കു താണു. ഇരു കാരലൈനകൾ, വെർജീനിയ എന്നിവിടങ്ങളിൽ 17 ലക്ഷത്തോളം പേരെ കനത്ത മഴ മൂലമുള്ള വെള്ളപ്പൊക്കം ദുരിതത്തിലാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്.