Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാബയ്ക്കും സെരാവെക്കിനും മലേഷ്യ തുല്യപദവി തിരിച്ചുനൽകും

map

ക്വാലലംപുർ ∙ സാബയ്ക്കും സെരാവെക്കിനും മലേഷ്യൻ ഫെഡറേഷനിൽ തുല്യപദവി പുനഃസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് പ്രഖ്യാപിച്ചു. മലേഷ്യ ദിനാഘോഷവേളയിൽ കോട്ട കിനാബലുവിൽ വച്ചാണ് പ്രധാനമന്ത്രി സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്. പകാതൻ ഹാരപ്പൻ പാർട്ടിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു ഇത്.

സാബയും സെരാവെക്കും സിംഗപ്പുരും മലേഷ്യൻ ഫെഡറേഷനിൽ ചേർന്ന് പഴയ മലയയ്ക്കു പകരം മലേഷ്യ പിറവികൊണ്ടതിന്റെ വാർഷികമാണ് മലേഷ്യ ദിനമായി ആചരിക്കുന്നത്. 1965ൽ ഈ ഫെഡറേഷൻ വിട്ട് സിംഗപ്പുർ സ്വതന്ത്ര രാഷ്ട്രമായി. സാബയ്ക്കും സെരാവെക്കിനും തുല്യപദവിയാണ് 1963ലെ മലേഷ്യൻ കരാറിൽ വ്യവസ്ഥ ചെയ്തതെങ്കിലും 1976ൽ ഫെഡറൽ ഭരണഘടനയിൽ ഭേദഗതി കൊണ്ടുവന്ന് ഇരുമേഖലകളെയും വെറും സംസ്ഥാനങ്ങളാക്കി മാറ്റി. അതോടെ ഇവ രാജ്യത്തെ പന്ത്രണ്ടും പതിമൂന്നും സംസ്ഥാനങ്ങളായി.

തുല്യപദവി പുനഃസ്ഥാപിക്കാനുള്ള തീരുമാനം പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് അംഗീകരിക്കപ്പെട്ടെങ്കിലേ സാധ്യമാകൂ. ഇതിനു പ്രതിപക്ഷ പിന്തുണ ആവശ്യമായതിനാൽ മഹാതീറിന്റെ നീക്കം വിജയിക്കുമോയെന്നു വ്യക്തമല്ല. വ്യാജവാർത്തകൾക്കെതിരെ അടുത്തിടെ മഹാതീർ കൊണ്ടുവന്ന നിയമം പ്രതിപക്ഷം എതിർത്തതോടെ ഉപേക്ഷിക്കേണ്ടി വന്നു.