Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണ കൊറിയ സന്ദർശിക്കുമെന്ന് കിം ജോങ് ഉൻ

Moon Jae in, Kim Jong Un ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ, ഭാര്യ കിം ജുങ് സൂക്, ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ, ഭാര്യ റി സോള്‍ ജു എന്നിവർ ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിലെ റസ്റ്ററന്റിൽ.

സോൾ∙ ദക്ഷിണകൊറിയ ഉടനെ സന്ദർശിക്കാമെന്നും മിസൈൽ പരീക്ഷണകേന്ദ്രം രാജ്യാന്തര പരിശോധകരുടെ സാന്നിധ്യത്തിൽ അടച്ചുപൂട്ടാമെന്നും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നുമായി പ്യോങ്യാങ്ങിൽ ആരംഭിച്ച മൂന്നാമത് ഉച്ചകോടിയുടെ രണ്ടാം ദിവസമായ ഇന്നലെയാണ് കിം ഈ പ്രഖ്യാപനം നടത്തിയത്. ആണവ നിരായുധീകരണം സംബന്ധിച്ച് വ്യക്തമായ ധാരണയിലെത്താൻ കഴിഞ്ഞില്ലെങ്കിലും ഇരുകൊറിയകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള രേഖയിൽ ഇന്നലെ നേതാക്കൾ ഒപ്പുവച്ചു.

വിഭജനത്തെ തുടർന്ന് ഇരുരാജ്യങ്ങളിലായിപ്പോയ കുടുംബാംഗങ്ങൾക്കു തമ്മിൽ കാണാൻ എപ്പോഴും അവസരം ഒരുക്കാമെന്നും റോഡ്, റെയിൽ ബന്ധങ്ങൾ പുനഃസ്ഥാപിക്കാമെന്നും തീരുമാനമായി. 2032ലെ ഒളിംപിക്സ് നടത്താൻ സംയുക്തശ്രമത്തിനുള്ള സാധ്യതയും ധാരണയിൽ വിഭാവന ചെയ്യുന്നു. കിമ്മിന്റെ നിർദിഷ്ട ദക്ഷിണകൊറിയ സന്ദർശനം ഈ വർഷം തന്നെ ഉണ്ടാകുമെന്ന് മൂൺ ജേ ഇൻ പറഞ്ഞു. ഉത്തരകൊറിയൻ നേതാവ് ദക്ഷിണകൊറിയ സന്ദർശിക്കുന്നത് 1950–53ലെ യുദ്ധത്തിനുശേഷം ആദ്യമായിട്ടായിരിക്കും.