Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തല കുനിച്ചു, സ്പർധയുടെ ഒരു അഗ്നിപർവതം കൂടി; കൊറിയ രാഷ്ട്രത്തലവന്മാർ ഹായ്ചു അഗ്നിപർവതത്തിൽ

Kim Jong Un and his wife Ri Sol Ju pose with Moon Jae-in and his wife Kim Jung-sook കിംജോങ് ഉന്നും ഭാര്യ റിസോൽ ജുവും (ഇടത്) മൂൺ ജേ ഇന്നിനും ഭാര്യ കിം ജുങ് സൂക്കിനുമൊപ്പം . ഹായ്ചു പർവതസന്ദർശനവേളയിൽ പകർത്തിയ ചിത്രം. ചിത്രം:എഎഫ്പി

സോൾ∙ ദക്ഷിണ, ഉത്തര കൊറിയയുടെ രാഷ്ട്രത്തലവന്മാർ ഭാര്യമാരുമൊന്നിച്ചു പുണ്യപർവതമായ ഹായ്ചുവിന്റെ നെറുകയിലെത്തിയപ്പോൾ സ്പർധയുടെ കൊടുമുടികൾ ഒരിക്കൽക്കൂടി തല കുനിച്ചു. 

പർവതാരോഹകൻ കൂടിയായ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ ആനന്ദമടക്കാനാകാതെ പറഞ്ഞു: ‘ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഒരിക്കലും നടക്കുമെന്നു കരുതിയതല്ല.’ 9003 അടി ഉയരമുള്ള കൊടുമുടിയുടെ പശ്ചാത്തലത്തിൽ കുടുംബസമേതം ചിത്രമെടുത്താണ് ഇരുവരും ത്രിദിന ഉച്ചകോടി അവസാനിപ്പിച്ചത്. 

ഏറ്റവും വേഗം ആണവനിരായുധീകരണം പൂർത്തിയാക്കി സാമ്പത്തിക വികസനത്തിൽ ശ്രദ്ധിക്കുമെന്നു കിം പറഞ്ഞതായി നാട്ടിലെത്തിയ ശേഷം മൂൺ മാധ്യമങ്ങളോടു പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി രണ്ടാംവട്ട കൂടിക്കാഴ്ചയ്ക്ക് ആഗ്രഹിക്കുന്നതായും കിം വെളിപ്പെടുത്തിയെന്ന് അദ്ദേഹം അറിയിച്ചു. 

നേരത്തേ മൂൺ ജെ ഇൻ ഹായ്ചു പർവതത്തിനു സമീപമുള്ള വിമാനത്താവളത്തിൽ എത്തിച്ചേർന്നപ്പോൾ ആയിരത്തോളം ഉത്തര കൊറിയക്കാർ ‘മാതൃരാജ്യം ഒന്നാകണ’മെന്ന് അലറിവിളിച്ചു പൂക്കൾ വലിച്ചെറിഞ്ഞു. ഈ പുണ്യപർവതത്തിൽ നിന്നു നമ്മൾ പുതിയ ചരിത്രമെഴുതുമെന്നു കിം പറഞ്ഞു. 

ഹായ്ചു അഗ്നിപർവതം

ചൈന–ദക്ഷിണ കൊറിയ അതിർത്തിയിൽ ഇപ്പോഴും സജീവമായ അഗ്നിപർവതം.   ദക്ഷിണ–ഉത്തര കൊറിയൻ ജനത പർവതത്തെയും ഇതിലെ കാൽദീറ നദിയെയും പുണ്യമായി കാണുന്നു. ജപ്പാൻ അധിനിവേശത്തിനെതിരെ കൊറിയൻ ജനത പോരാടിയത് ഈ പർവതനിരകളിലാണ്.