Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിക്ഷ സസ്പെൻഡ് ചെയ്തു; നവാസ് ഷരീഫിന് മോചനം

Nawaz Sharif, Maryam, Safdar നവാസ് ഷരീഫ്, മകൾ മറിയം, മരുമകൻ മുഹമ്മദ് സഫ്ദർ.

ഇസ്‍ലാമാബാദ് ∙ അഴിമതിക്കേസിൽ ജയിലിലടയ്ക്കപ്പെട്ട പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ശിക്ഷ ഹൈക്കോടതി സസ്പെൻഡ് ചെയ്തു. ഷരീഫിനെയും മകൾ മറിയത്തെയും മരുമകൻ മുഹമ്മദ് സഫ്ദറെയും ഉടൻ വിടാൻ രണ്ടംഗ ബെഞ്ച് ഉത്തരവിട്ട് മണിക്കൂറുകൾക്കകം ഇവരെ ജയിൽമോചിതരാക്കി.

അഴിമതിപ്പണം കൊണ്ടു ലണ്ടനിൽ ആഡംബര ഫ്ലാറ്റുകൾ വാങ്ങിയെന്ന കേസിലാണു നവാസ് ഷരീഫ് (68), മറിയം (44), മുഹമ്മദ് സഫ്ദർ (55) എന്നിവരെ അഴിമതിവിരുദ്ധ കോടതി (എൻഎബി) ശിക്ഷിച്ചത്. ഷരീഫിനു 11 വർഷവും മറിയത്തിന് എട്ടു വർഷവും സഫ്ദറിന് ഒരു വർഷവുമായിരുന്നു ശിക്ഷ. എൻഎബി കോടതിയുടെ ഉത്തരവു ചോദ്യംചെയ്തുള്ള ഹർജിയിൽ ഇവരെ 5 ലക്ഷം രൂപയുടെ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്നാണ് ഉത്തരവ്.

അപ്പീൽ നിലനിൽക്കില്ലെന്ന എൻഎബിയുടെ വാദം ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി നിരസിക്കുകയും അഴിമതിവിരുദ്ധ ബ്യൂറോയ്ക്ക് 20,000 രൂപ പിഴയിടുകയും ചെയ്തു. എൻഎബി മൂന്നു കേസുകളാണു ഷരീഫിനും കുടുംബത്തിനുമെതിരെ റജിസ്റ്റർ ചെയ്തിട്ടുള്ളത്.