Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച് 4 വീസ റദ്ദാക്കൽ മൂന്നു മാസത്തിനകം

വാഷിങ്ടൻ∙ എച്ച് 4 വീസാ സമ്പ്രദായം നിർത്തലാക്കാനുള്ള തീരുമാനം അടുത്ത മൂന്നു മാസത്തിനകം നടപ്പാക്കുമെന്നു ട്രംപ് ഭരണകൂടം ഫെഡറൽ കോടതിയെ അറിയിച്ചു. എച്ച്1ബി വീസക്കാരുടെ പങ്കാളിക്കും മക്കൾക്കും അനുവദിക്കുന്നതാണ് എച്ച് 4 വീസ. ഇത് ഇല്ലാതാക്കാനുള്ള നീക്കം യുഎസ് തൊഴിൽമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി കൊളംബിയ കോടതിയിലുള്ള ഹർജിയിൻമേലാണു സർക്കാർ പ്രതികരണം അറിയിച്ചത്.

മൂന്നുമാസത്തിനകം നിയമനിർമാണ നടപടികൾ പൂർത്തിയാകുമെന്നും അതുവരെ ഈ വിഷയത്തിൽ തീരുമാനമെടുക്കരുതെന്നും ട്രംപ് ഭരണകൂടം കോടതിയോട് അഭ്യർഥിച്ചു.

അമേരിക്കക്കാർക്കു തൊഴിൽ നഷ്ടപ്പെടുന്നുവെന്നു ചൂണ്ടിക്കാട്ടി ട്രംപ് ഭരണകൂടം കൊണ്ടുവന്ന എച്ച്1ബി, എച്ച്3 വീസാ നയംമാറ്റങ്ങളുടെ വിജ്ഞാപനം ഇതുവരെയായിട്ടില്ല. ഇതേപ്പറ്റി ഇതു നാലാം തവണയാണു ട്രംപ് ഭരണകൂടം കോടതിയിൽ സത്യവാങ് മൂലം നൽകുന്നത്. ഇക്കാര്യത്തിൽ വേഗം തീർപ്പുവേണമെന്നാണു ഹർജിയിലെ ആവശ്യം.

2017 ഡിസംബറിൽ എച്ച് 4 വീസയിൽ 1,26,853 തൊഴിൽ പെർമിറ്റ് അപേക്ഷകൾ അധികൃതർ പാസാക്കിയിട്ടുണ്ട്. ഇതിൽ 93 ശതമാനവും ഇന്ത്യൻവംശജരാണ്.